newsകൊച്ചി

'പുഴു'വിനുശേഷം റത്തിനയുടെ സംവിധാനത്തിൽ 'പാതിരാത്രി' നവ്യനായരും സൗബിനും പ്രധാന വേഷങ്ങളില്‍

വാഴൂർ ജോസ്
Published Jun 10, 2024|

SHARE THIS PAGE!
കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട മമ്മൂട്ടി ചിത്രം ‘പുഴു’വിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന സിനിമ ‘പാതിരാത്രി’ക്ക് കൊച്ചിയിൽ തുടക്കമായി. റോയൽ ട്രൈബ്യൂട്ട് ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിലാണ് സിനിമക്ക് ആരംഭം കുറിച്ചത്.
മലയാള സിനിമയിൽ ഒരു പിടി ശ്രദ്ധേയമായ ചിത്രങ്ങൾ നിർമിച്ച ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സറാണ് ചിത്രം നിർമിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസ് നിർമിക്കുന്ന 15ാമതുചിത്രം കൂടിയാണിത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംവിധായിക റത്തീന ഭദ്രദീപം തെളിയിച്ചു.
സൗബിൻ ഷാഹിർ, നവ്യാ നായർ, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ഷെഹ്നാദ് ജലാൽ, ഷാജിമാറാട്, റിനി അനിൽകുമാർ എന്നിവർ ചേർന്ന് ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന സ്വിച്ച് ഓൺ കർമ്മം നവ്യയുടെ മാതാപിതാക്കളായ രാജു, വീണ എന്നിവർ നിർവഹിച്ചു.
മേജർ രവിയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. സംവിധായകരായ ടി എസ് സുരേഷ് ബാബു, എം പത്മകുമാർ, പി സുകുമാർ, ഷാഹി കബീർ, എ കെ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ സാരഥി സനിൽ കുമാർ കൊട്ടാരം സ്വാഗതമാശംസിച്ചു.
ഇടുക്കിയിലെ ഗ്രാമീണാന്തരീക്ഷത്തിൽ ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രം. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പൊലീസ് കോൺസ്റ്റബിൾ ഹരീഷ്, ഇവിടെ പുതുതായി ചുമതലയേൽക്കുന്ന പ്രൊബേഷണറി എസ് ഐ ആയ ജാൻസി കുര്യൻ. ഇവരുടെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഏറെ ത്രില്ലറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിറും നവ്യാ നായരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ശബരീഷ്, ഹരിശ്രീ അശോകൻ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജൂൺ 14 മുതൽ കുമളിയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ഷെഹ് നാദ് ജലാൽ, എഡിറ്റിംഗ്‌ - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം -ദിലീപ് നാഥ്, ചമയം - ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം -ധന്യാ ബാലകൃഷ്ണൻ, സംഘട്ടനം - പി.സി. സ്റ്റണ്ട്സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, പരസ്യകല - യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പി ആർ ഒ- വാഴൂർ ജോസ്.

Related Stories

Latest Update

Top News

News Videos See All