newsതിരുവനന്തപുരം

ഫ്രൈഡേ സ്‌ക്രീനിംഗ് : പെദ്രോ അല്‍മോദോവറിന്റെ 'ബ്രോക്കണ്‍ എംബ്രേസസ്' പ്രദര്‍ശിപ്പിക്കും

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 12, 2024|

SHARE THIS PAGE!
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 ജനുവരി 12 വെള്ളിയാഴ്ച വിഖ്യാത സ്പാനിഷ് സംവിധായകന്‍ പെദ്രോ അല്‍മോദോവറിന്റെ 'ബ്രോക്കണ്‍ എംബ്രേസസ്' പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

2009 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണിത്. ഗോള്‍ഡന്‍ ഗ്‌ളോബ്, ബ്രിട്ടീഷ് ഫിലിം അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശഭാഷാചിത്രത്തിനും ഈ സിനിമ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സാവോ പോളോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇതേ വിഭാഗത്തില്‍ പുരസ്‌കാരം നേടുകയും ചെയ്തു. മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ സ്പാനിഷ് നടി പെനിലപ് ക്രൂസ് ആണ് ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു വാഹനാപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട എഴുത്തുകാരന്‍ ഹാരി കെയ്ന്‍, തന്റെ ഏജന്റായ ജൂഡിത്തിന്റെയും മകന്‍ ഡിയാഗോയുടെയും സഹായത്തോടെയാണ് കഴിയുന്നത്. ഏര്‍ണെസ്റ്റോ മാര്‍ട്ടല്‍ എന്ന സമ്പന്ന വ്യാപാരി മരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ വന്നു പറയുമ്പോള്‍ 14 വര്‍ഷം മുമ്പുള്ള തന്റെ ഒരു മുറിവ് ഓര്‍ത്തെടുക്കുകയാണ് അയാള്‍. അന്ന് മാറ്റിയോ ബ്‌ളാന്‍കോ എന്നു പേരുള്ള ചലച്ചിത്ര സംവിധായകനായിരുന്നു ഹാരി കെയ്ന്‍. ഏര്‍ണെസ്റ്റോ തന്റെ പടത്തിന്റെ നിര്‍മ്മാതാവ് ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ലെനയുമായി പ്രണയത്തിലായിരുന്നു ഹാരി കെയ്ന്‍. പ്രണയതൃഷ്ണകള്‍, അഭിനിവേശം, അസൂയ, പ്രതികാരം തുടങ്ങിയ പല മനുഷ്യവികാരങ്ങളെ സ്പര്‍ശിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 128 മിനിറ്റാണ്.

Related Stories

Latest Update

Top News

News Videos See All