newsതിരുവനന്തപുരം

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ

Webdesk (tvm)
Published Nov 28, 2025|

SHARE THIS PAGE!
തിരുവനന്തപുരം: സിനിമ പ്രേമികൾക്ക് ആവേഷമായി തലസ്ഥാന നഗരിയെ ആഘോഷ നഗരിയാക്കാൻ 30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 ന് ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരി തെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ഉദ്ഘാടനം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഡിസംബർ 12 മുതൽ ഡിസംബര്‍ 19 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, ഒഫീഷ്യല്‍സ്, ഗസ്റ്റ്, സ്‌പോണ്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ടാവും.

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്

30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം. വിയറ്റ്‌നാം യുദ്ധത്തിന്റെ അന്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

എക്‌സിബിഷന്‍

മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ‘ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്‍സിയ’, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 19ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്‍ഡുകളും സമാപനച്ചടങ്ങില്‍ സമ്മാനിക്കും.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All