അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ജീവിതപങ്കാളിയായ സുശീല നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'ഓറഞ്ച് മരങ്ങളുടെ വീട്' തിയേറ്ററിൽ
കണ്ടതിന്ന് ശേഷം ചിത്രത്തിന്റെ സംവിധായകൻ ഡോ ബിജുവിന് എഴുതിയ വൈകാരികമായ കുറിപ്പ്, താഴെ വായിക്കാം...
പ്രിയപ്പെട്ട ബിജു!
ഇന്നലത്തെ ദിവസം എന്നെ സംബന്ധിച്ച് കുറച്ചു പ്രയാസമേറിയതായിരുന്നു. അഞ്ചു വർഷത്തിനു ശേഷം ആദ്യമായാണ് ഞാൻ പുള്ളിക്കാരനെ സ്ക്രീനിൽ കാണുന്നത്. ചേതന നഷ്ടപ്പെട്ട ആ ശരീരം ഞാൻ കണ്ടതേയില്ല. കാണാൻ കഴിവില്ലായിരുന്നു.
ഇതൊക്കെ ലോകസഹജമായ കാര്യങ്ങളാണ്. ഉറ്റവർ നഷ്ടപ്പെടുന്ന പ്രഹേളികയ്ക്ക് ഒരു പ്രതിവിധിയുമില്ല. അതും അറിയാം ബിജു. പക്ഷേ ആ സത്യം ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള മനക്കരുത്ത് ഓരോരുത്തർക്കും ഓരോ രീതിയിലാണ് ദൈവം തരുന്നത് എന്നതാണ് വ്യത്യാസം. അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല.
ഇന്നലത്തെ ചിത്രം (ഓറഞ്ച് മരങ്ങളുടെ വീട്). പ്രേക്ഷകർക്ക് (എല്ലാവർക്കുമല്ല) സ്വസ്ഥതയും ശാന്തതയും തരുന്ന ഒന്നായിരുന്നു. ഒന്നാം തരം ക്യാമറ, ഒന്നാം തരം സംവിധാനം, ഒന്നാം തരം അഭിനേതാക്കൾ, ഒന്നാം തരം പ്രമേയം. ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു.
ആത്മാംശം ഏറെയുള്ള ഒരു കഥാപാത്രമാണ് സാമുവൽ എന്ന ഫോറസ്റ്റ് ഓഫീസർ. ഒരു റൂമിൽ ഒരു ഹോം നഴ്സിന്റെ പരിചരണത്തിൽ മാത്രം ഒതുങ്ങുന്ന ആളായി സാമുവലിന് ജീവിതം തീർത്തും അസാദ്ധ്യമാണ്.
ഞങ്ങളുടെ വിവാഹ സമയം വരെ — ഏതാണ്ട് പത്തിരുപതു വർഷം ഒരു നാടോടി (സന്ദേഹി) ആയി ആകാശത്തിനു കീഴെ എവിടെയും ഉറങ്ങിയും കിട്ടുന്നതെന്തും കഴിച്ചും ഇണങ്ങുന്ന സ്നേഹിതരെ കണ്ടെത്തിയും അവരുമായിച്ചേർന്ന് ഓരോ വേഷപ്പകർച്ചകൾ നടത്തിയും — തരം പോലെ ആൾക്കാരെ അനുകരിച്ചും — കിട്ടിയ പ്രതലത്തിലൊക്കെ
കൊട്ടിക്കയറിയും ആടിപ്പാടിയും അവസാനം തന്റെ ഗുരുവിനെ കണ്ടെത്തുകയായിരുന്നു. അങ്ങനെ ശാന്തത കൈവിടാതെ, പണത്തിനോട് പ്രതിപത്തിയില്ലാതെ എന്നാൽ കലയോട് പ്രതിബദ്ധത പുലർത്തിയ കലാകാരൻ ഈ ലോക ജീവിതം ആഹ്ലാദകരമാക്കി ആഘോഷമാക്കി മാറ്റി എന്നാണ് എനിക്ക് പറയാനുള്ളത്.
അതുതന്നെയാണ് ബിജുവിന്റെ സാമുവലും സത്യത്തിൽ ചെയ്യുന്നത്.
കൊച്ചുകുട്ടികളോടുള്ള വാത്സല്യം — അത് സ്വന്തം മക്കളോട് മാത്രമല്ല എല്ലാ കുഞ്ഞുങ്ങളോടും സമീപനം ഏതാണ്ടിങ്ങനെ തന്നെ. അവസാനകാലം കോവിഡ് പടർന്ന സമയമായതിനാൽ കുഞ്ഞുങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥ. അവരെ കാണാത്തതിലുള്ള സങ്കടവും മറ്റും പറയുമായിരുന്നു ഇടയ്ക്കിടെ.
വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്ത കുറവുണ്ടായിരുന്നു. ഇവിടെയും രണ്ടാൺകുട്ടികൾ. വന്നു കയറിയ പെൺകുട്ടികളെക്കുറിച്ച് പറയാൻ ഒരു മുഴം നാവും ഒരു മുറം സ്നേഹവുമായിരുന്നു.
ഒരിക്കൽ ഞാൻ വെറുതെ ഒരു രസത്തിന് ചോദിച്ചു: "ശശിച്ചേട്ടന് സ്വന്തം മക്കളോടാണോ അതോ ഭാര്യയോടാണോ കൂടുതൽ സ്നേഹം?" അപ്പോൾത്തന്നെ നിഷ്കളങ്കമായ മനസ്സിലിരിപ്പ് പുറത്തുവന്നു: "അതു പ്രത്യേകിച്ച് പറയാനുണ്ടോ? എന്റെ കുഞ്ഞുങ്ങളും കൊച്ചുമക്കളും കഴിഞ്ഞേയുള്ളൂ ബാക്കിയൊക്കെ."
ആഹാരം കഴിപ്പും രീതിയും ഒക്കെ ഇതുപോലെ തന്നെ. പുട്ടും കടലയും ആണ് ഏറ്റവും ഇഷ്ടം. ഇതേ രീതിയിലാണ് കഴിയ്ക്കുന്നതും. കുട്ടനാടിന്റെ പലഹാരമാണ് പുട്ടും കടലയും.
ഊണ് ഇലയിൽ കഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം. വിശേഷ ദിവസങ്ങളിൽ ഇലയിൽ വിളമ്പുന്നതൊക്കെ പ്രത്യേകതയാണ്. അതിന്റെ അടുക്കിനു തന്നെ വിളമ്പണം. ഓരോന്നിനും അതിന്റേതായ സ്ഥാനം ഉണ്ടത്രേ. ഉണ്ണുന്നതും അതിന്റെ ക്രമമനുസരിച്ചു തന്നെ. (എനിക്ക് ഇതൊക്കെ പ്രയാസമാണ്.) ആരു വന്നാലും വിളമ്പി കൊടുക്കാൻ വലിയ ഇഷ്ടമാണ്. ഇത്രയും മിനക്കെടാനൊന്നും ഞാൻ നിൽക്കില്ല. വിശപ്പിന് എന്തെങ്കിലും അല്പം കഴിക്കും, അത്രതന്നെ.
മൂത്തവൻ (ഉണ്ണി) ഏകദേശം അച്ഛന്റെ പതിപ്പാണ്. സാത്വികനായ ഒരു പയ്യൻ. ഇപ്പോൾ പയ്യനല്ല — മൂത്ത മകൻ പത്താം ക്ലാസ്സിൽ. പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ്. ഇളയവന്റെ കാര്യത്തിൽ എത്തേണ്ടിടത്ത് എത്തിയില്ലല്ലോ എന്ന ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. (ബാലചന്ദ്രൻ സാറിന്റെ (രാജു) മനസ്സിലുള്ളതു പോലെ). "സാരമില്ല, ശരിയാവും" എന്നു പറയും.
ചിത്രം തുടങ്ങുമ്പോൾ ഹോസ്പിറ്റലിൽ admit ആയി കിടക്കുന്ന സീൻ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. പുറം തിരിഞ്ഞുള്ള അതേ കിടപ്പായിരുന്നു ആശുപത്രിയിലും... "എങ്ങിനെയെങ്കിലും discharge വാങ്ങി വീട്ടിലെത്തണം." എന്തു ശാരീരിക ബുദ്ധിമുട്ടുകളും എത്ര വേദനയും നിസ്സാരമായി തള്ളിക്കളയും. ഒന്നും പുറമേ കാണിക്കുന്ന പ്രശ്നമേയില്ല. അതല്ലേ സാമുവലും! തലയിലെ വീണ മുറിവ് ചൊറിഞ്ഞു പൊട്ടിയതാണത്രേ! ഒരു വ്യത്യാസമുണ്ട്. നമ്മുടെ പുള്ളി വീട്ടിലേക്ക് വന്നു കയറിയാൽ പിന്നെ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിച്ചുകൂടാൻ വയ്യാത്ത എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം.
പച്ചപ്പിനോടും പ്രകൃതിയോടും ഏറ്റവും ഇണങ്ങിച്ചേരുന്ന പ്രകൃതം. വീടിനു ചുറ്റും പടർന്നു കിടക്കുന്ന ചെടികളും വള്ളികളുമായിരുന്നു.
ഒരു കാലം വരെ — കുടുംബം ആകുന്നതു വരെ കൂട്ടുകാരായിരുന്നു എല്ലാം. പിന്നെ അതെല്ലാം താനേ കുറഞ്ഞു. മതിയെന്നു തനിയെ തോന്നിക്കാണും.
"വീട്ടിലുണ്ടാക്കുന്ന പച്ചക്കറി — വിഷരഹിതമായവ വേണം കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടത്" എന്നും പറഞ്ഞ് എന്നെക്കൊണ്ട് ടെറസ്സ് മുഴുവൻ പച്ചക്കറികൾ നട്ടുപിടിപ്പിച്ചു. എനിക്കും ഉത്സാഹമായി. പടിഞ്ഞാറേ പറമ്പിൽ ഒരു ഏത്തവാഴത്തോട്ടവും ഞാൻ നിർമ്മിച്ചെടുത്തു. അടിസ്ഥാനപരമായി കുട്ടനാടൻ കർഷകരായിരുന്നു ഞങ്ങൾ. എന്റെ ആരോഗ്യം ഇത്രയൊന്നും താങ്ങിയില്ല. വലിയ ഹോസ് കൊണ്ടുള്ള വെള്ളമൊഴിക്കലും പരിചരണവും ഒക്കെക്കൂടി കലാശിച്ചത് spondylosis എന്ന അസുഖത്തിലാണ്. ആരുടെയും സഹായമില്ലാത്തതിനാൽ വെള്ളം നന മുടങ്ങി കുലകളൊക്കെ വാടി ഒടിഞ്ഞു. അങ്ങനെ എന്തെല്ലാം പരീക്ഷണങ്ങൾ.
സന്ധ്യയ്ക്ക് വിളക്കത്തു വെക്കുന്ന പൂക്കളെല്ലാം ഇവിടെ നട്ടു വളർത്തുന്ന ചെടികളിൽ നിന്നായിരുന്നു പറിച്ചെടുക്കുന്നത്. തുളസി കാടു പോലെ വേണമെന്നാണ് പറയുന്നത്. അത്രയ്ക്ക് ഔഷധഗുണമുണ്ടത്രേ. തുളസിത്തറയിൽ വിളക്കുവെക്കുമ്പോൾ തുളസിയെക്കൊണ്ട് സ്വയം ഉണ്ടാക്കിയ ഒരു ശ്ലോകം എന്നും ചൊല്ലുമായിരുന്നു. ജലദോഷപ്പനിക്കും ചുമയ്ക്കും ആവിപിടുത്തവും തുളസിക്കഷായവുമായിരുന്നു സ്വയം ചികിത്സ.
ഇതുവരെയും പറഞ്ഞത് സാമുവലിനെയും ശശിച്ചേട്ടനെയും കുറിച്ചായിരുന്നു. ക്ഷമിക്കണം, പടത്തെക്കുറിച്ച് പറയാനാണ് ഒരുങ്ങിയത്.
സ്വാതന്ത്ര്യബോധവും, ചിന്താശേഷിയും, സഹൃദയത്വവും ഉള്ള ഒരു retired ഉദ്യോഗസ്ഥന്റെ - വൃദ്ധന്റെ - ഉള്ളിലെ എല്ലാ വികാരവും, വിവേകവും സാമുവൽ എന്ന കഥാപാത്രം മികവോടെ ഉൾക്കൊണ്ടു.
അതിന്റെ പിന്നിലെ കാര്യങ്ങളാണ് ഞാൻ ഈ കടലാസ്സിൽ കുറിച്ചതൊക്കെ.
അതുപോലെ ബാലചന്ദ്രൻ സാറിന്റെ (രാജു) കാര്യവും — എന്തൊരു പാകതയുള്ള അഭിനയം. രണ്ടുപേരും ഇഞ്ചോടിഞ്ച് എന്നു പറയും പോലെ. ഞങ്ങളുടെ നാട്ടിലെ Nehru trophy വള്ളംകളിയുടെ final മത്സരത്തിൽ ഇങ്ങനെയാണ്. അവസാന lap-ൽ തുഴയുന്ന വള്ളങ്ങളുടെ വേഗതയെക്കുറിച്ച് പറയുന്നത്. ഇഞ്ചോടിഞ്ചു പൊരുതി ജയിച്ചു എന്ന്. രണ്ടു പേരുടേയും
അവസാന lap തന്നെ.
American കൊച്ചുമോനും (സ്റ്റീവ്) നന്നായി. വല്യപ്പച്ചനും കൊച്ചുമോനും തമ്മിൽ ആരുമറിയാതെ ഉടലെടുത്ത ഊഷ്മളമായ അടുപ്പം. ബാക്കി അഭിനയിച്ച എല്ലാവരും ചിത്രവുമായി ഇഴയടുപ്പത്തോടെ ചേർന്നു നിൽക്കുന്നു.
പടത്തിന്റെ ഉൾക്കാമ്പായ ഓറഞ്ച് തോട്ടം — വീട് — പരിസരം — വാഗമണിന്റെ പ്രകൃതി. അതിന്റെ സൗന്ദര്യം എല്ലാം ക്യാമറ ഒപ്പിയെടുത്തിരിക്കുകയാണ്. ചൂണ്ടയിടീലും മൂത്രമൊഴിക്കലും പ്രതിധ്വനി തിരിച്ച് കേൾക്കുന്ന കൂവലും ഞങ്ങളുടെ ഗ്രാമീണതയാണ്, കുട്ടനാടിന്റെ. പടത്തിന്റെ ആദ്യ Scene-ൽ കാണുന്ന രോഷപ്രകടനം. ഫലഭൂയിഷ്ടമായ മണ്ണിൽ... ഓറഞ്ച് മരങ്ങളിൽ തൂങ്ങിനിൽക്കുന്ന പഴങ്ങൾ, ഓറഞ്ചു വർണ്ണത്തിൽ. അതിനെ മുച്ചോടെ വെട്ടി നശിപ്പിച്ചു് ആ പ്രദേശത്ത് പുതിയ Project വരാൻ പോകുന്നു. തോട്ടത്തിലെ തൊഴിലാളികൾ അവരാൽ കഴിയും പോലെ കുട്ടയിൽ കൂട്ടിവെച്ചിരിക്കുന്ന ഓറഞ്ചു പഴങ്ങൾ ആയുധമാക്കി രോഷപ്രകടനം നടത്തുന്നതു കണ്ടപ്പോൾ പെട്ടെന്ന് എനിക്കോർമ്മ വന്നത് Mother mary comes to me എന്ന പുസ്തകമാണ് — Arundhathy Roy യുടെ.
അതിന്റെ അവസാന ഭാഗമെത്തുമ്പോൾ നർമ്മദാ നദിയിൽ അണക്കെട്ടുണ്ടായാൽ വരുന്ന ഭീകരതയെക്കുറിച്ച് പറയുന്നുണ്ട്. Reservoir വരുമ്പോൾ മുങ്ങിപ്പോകുന്ന താഴ്വാരം, ആദിവാസി ഊരുകൾ, നിവാസികൾ, കൃഷികൾ, കാടുകൾ, എന്തിന് നർമ്മദ നദീതട സംസ്കാരം തന്നെ ജലസമാധി അടയുന്നതിനെ കുറിച്ച് ബോധവതിയായി അവർ മേധാ പട്കറോടൊപ്പം ചേർന്ന് സമരം ചെയ്യുന്നു. അതുതന്നെ ഇവിടെയും - സാധാരണ മനുഷ്യർക്ക് - മണ്ണിൽ പണിയെടുക്കുന്നവർക്ക് - സംഭവിക്കാൻ പോകുന്ന ദുരിതങ്ങളെ തൃണവൽഗണിച്ചുകൊണ്ട് വികസനത്തിന്റെ പേരും പറഞ്ഞ് കോടതിയുടെ അനുവാദവും വാങ്ങി കണ്ണിൽ ചോരയില്ലാതെ പ്രകൃതിദത്ത ഭൂമിയെ, മരങ്ങളെ മുച്ചൂടെ പിഴുതെറിയുന്നു.
തുടക്കത്തിലും അവസാനത്തിലും കാണിക്കുന്ന ഓറഞ്ചു കൊണ്ടുള്ള ഏറുകൾ വല്ലാത്ത ഒരു പ്രഹരമാണ് — പുതിയ വ്യവസ്ഥിതിയോട്, പുതിയ സമൂഹത്തോട്, പണത്തിന്റെ അത്യാർത്തിയോട്! അങ്ങനെ എല്ലാറ്റിനോടും.
പ്രിയ ബിജു, ഇങ്ങനെയൊരു ചിത്രം സാധാരണ ജനങ്ങൾക്ക് കാണാനായി റിലീസ് സാധ്യമാക്കിയതിന്, വേണു ചേട്ടനും ബാലചന്ദ്രൻ സാറിനും കൊടുത്ത സ്നേഹസ്മരണയ്ക്ക്, ഞങ്ങൾ തീർച്ചയായും ബിജുവിനോടും നിർമ്മാതാവിനോടും ടീം അംഗങ്ങളോടും കടപ്പെട്ടിരിക്കുന്നു.
ഇനിയും നല്ല നല്ല ചിത്രങ്ങൾ ഉണ്ടാവട്ടെ. എല്ലാവിധ സ്നേഹത്തോടും - ആശംസകളോടും
സ്വന്തം
ചേച്ചി