newsതിരുവനന്തപുരം

എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും ജാഗ്രത വേണം: വി.മധുസൂദനന്‍നായര്‍

webdesk
Published Feb 21, 2024|

SHARE THIS PAGE!
എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും ജാഗ്രത വേണമെന്നും ചെറിയ പിശക് തലമുറയെ ബാധിക്കുമെന്നും പ്രൊഫ.വിമധുസൂദനന്‍നായര്‍. 

തിരുവനന്തപുരം പ്രസ് ക്ലബ് നല്‍കിയ ആദരത്തിന് മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

 മനുഷ്യന്‍ കറ പറ്റുന്നവനാണ്. അതു കഴുകിക്കളയാന്‍ ശ്രമിക്കണം. പഠിക്കുന്നതും പഠിപ്പിക്കുന്നതും ചെയ്യുന്നതിലൂടെ സ്വയം തിരുത്താന്‍ സാധിക്കും. എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും ജാഗ്രത വേണം. ഓര്‍മവന്ന നാള്‍ മുതല്‍ ആരാധ്യദേവത അക്ഷരമാണ്. 

കവിത സ്വയം തിരുത്താനുള്ളതാണ്. അത് കഴിയുന്നത്ര ചെയ്യുന്നു. അടുത്ത തലമുറ ഭദ്രമായാല്‍ ലോകം നന്നാകും.

മണ്ണിരയ്ക്ക് വെള്ളം കൊടുക്കാത്ത നാടാണിത്.  തുമ്പി എവിടെ നിന്ന് വെള്ളം കുടിക്കുമെന്ന് ചിന്തിക്കാന്‍ ശ്രമിക്കണം. അതാണ് ധര്‍മവും കവിതയും. അക്ഷരത്തില്‍ നിന്നും അക്കങ്ങളിലേക്ക് ജീവിതം മാറുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലാണ് ഇതു സംഭവിച്ചത്. അത് പത്രപ്രവര്‍ത്തന രംഗത്തെയും ബാധിച്ചിട്ടുണ്ടെന്ന് വി.മധുസൂദനന്‍നായര്‍ പറഞ്ഞു.

കാവ്യജീവിതത്തിൻ്റെ അരനൂറ്റാണ്ടു പിന്നിട്ട കവി പ്രൊഫ.വി.മധുസൂദനൻ നായരെ ആദരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങ് "സുദിനം മധുസൂദനം"  ഉദ്ഘാടനവും ഉപഹാര സമർപ്പണവും  ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു.

ഭാരതീയ ധര്‍മത്തിന്റെ വിളംബരമാണ് വി.മധുസൂദനന്‍നായരുടെ കവിതയിലെ അന്തര്‍ധാരയെന്നും പി.എസ്.ശ്രീധരന്‍പിള്ള വിലയിരുത്തി.

പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ  അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കവി ഗിരീഷ് പുലിയൂർ, മധുസൂദനൻ നായരുടെ കവിതകൾ ആലപിച്ചു. ഐ ജെ ടി 2022 - 23 റഗുലർ, ഈവനിംഗ് ബാച്ചുകളുടെ ബിരുദദാനം വി.മധുസൂദനൻ നായർ നിർവഹിച്ചു. 

വാക്ക് എന്ന സ്വന്തം കവിത മധുസൂദനൻ നായർ ആലപിച്ചു. സെക്രട്ടറി കെ.എൻ. സാനു സ്വാഗതവും ഐ ജെ ടി ഡയറക്ടർ സിബി കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

Related Stories

Latest Update

Top News

News Videos See All