newsഎറണാകുളം

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; സംഘാടക സമിതി രൂപീകരിച്ചു.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Feb 04, 2024|

SHARE THIS PAGE!
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രു. 5 മുതല്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടത്തുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്‌ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലു മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. മേളയുടെ ലോഗോ മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ ശ്രീമതി തെന്നലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. 

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി, സംവിധായകരായ സോഹന്‍ സീനുലാല്‍, സലാംബാപ്പു, ഷാജി അസീസ്, അഭിനേതാക്കളായ ഇര്‍ഷാദ്, ദിവ്യ ഗോപിനാഥ്, ഫിലിം സൊസൈറ്റി പ്രവര്‍ത്തക ജ്യോതി നാരായണന്‍, ദീപ ജോസഫ്, നിഖില പി.സോമന്‍, അയിഷ സലീം, എം.സുല്‍ഫത്ത്, കുസുമം ജോസഫ്, അക്കാദമി ഭരണസമിതി അംഗങ്ങളായ പ്രകാശ് ശ്രീധര്‍, മമ്മി സെഞ്ച്വറി, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ്,  ഷാജി ജോസഫ്, പി.ആര്‍. റനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Related Stories

Latest Update

Top News

News Videos See All