news➤കൊച്ചി

വെളിച്ചത്തിന്റെ മാന്ത്രികൻ... നിനവുകളിൽ നിറയെ...

പി.ആർ. സുമേരൻ
Published Nov 11, 2026|

SHARE THIS PAGE!
മലയാള സിനിമയുടെ ദൃശ്യചാരുതയ്ക്ക് മനോഹരമായ വെളിച്ചമെഴുതിയ പ്രിയ ഛായാഗ്രാഹകൻ ഷാജി കുമാർ മരണമില്ലാത്ത ലോകത്തേക്ക് യാത്രയായി...
ജോയ് കെ.മാത്യു.

ഒരു ഫ്രെയിമിൽ നിന്ന് അടുത്തതിലേക്ക് കാലത്തെയും കഥകളെയും ആവാഹിച്ച്, വെളിച്ചത്തിന്റെ വിരൽത്തുമ്പുകളാൽ കഥാപാത്രങ്ങൾക്ക് ജീവൻ പകരുകയും ചെയ്ത ആ അത്ഭുതക്കണ്ണുകൾ ഒടുവിൽ ഒരിക്കലും ഉണരാത്ത ശാന്തതയിലേക്ക് അടഞ്ഞിരിക്കുന്നു. ആ കണ്ണുകളും കൈകളും ചലനമറ്റുവെന്ന വാർത്ത സിനിമാലോകത്തിനും പ്രേക്ഷകർക്കും ഒരുപോലെ വിശ്വസിക്കാനാവാത്തതാണ്.

ക്യാമറക്കണ്ണുകളിലൂടെ മലയാളിയുടെ സിനിമാസങ്കൽപ്പങ്ങൾക്ക് അഴകും ജീവനും പകർന്നുനൽകിയ വെളിച്ചത്തിന്റെ മാന്ത്രികൻ, നിഴലും വെളിച്ചവും ബാക്കിവെച്ച് ഇനി ഓർമ്മകളിൽ മാത്രം.

വിപിൻ മോഹൻ എന്ന ഗുരുനാഥന്റെ ശിക്ഷണത്തിൽ തുടങ്ങി, പിന്നീട് സ്വതന്ത്ര ഛായാഗ്രാഹകനായി വളർന്ന് മലയാള സിനിമയുടെ ദൃശ്യഭാഷയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

സെല്ലുലോയ്ഡിന്റെ ഫിലിം കാലഘട്ടത്തിൽനിന്ന് ഡിജിറ്റൽ സിനിമയുടെ അത്യാധുനിക സാങ്കേതികവിദ്യയിലേക്കുള്ള മാറ്റങ്ങൾക്കൊപ്പം സ്വയം പുതുക്കിപ്പണിയാനും കാലത്തിനൊപ്പം സഞ്ചരിക്കാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. വെളിച്ചവും നിഴലും വർണങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ ഇത്രമേൽ സൂക്ഷ്മതയോടെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞ ഛായാഗ്രാഹകർ അപൂർവമാണ്.

'നരൻ' എന്ന ചിത്രത്തിലെ പുഴയുടെ വന്യതയും 'പുലിമുരുകനി'ലെ കാടിന്റെ രൗദ്രതയും 'ഒടിയനി'ലെ മാന്ത്രിക അന്തരീക്ഷവും 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ചരിത്രപ്രതാപവും നമ്മുടെ കൺമുന്നിൽ ഇത്രമേൽ മിഴിവോടെ തെളിഞ്ഞുനിന്നത് ആ ക്യാമറക്കണ്ണുകളുടെ മികവിലൂടെയായിരുന്നു.

ജോഷി മുതൽ തരുൺ മൂർത്തിയെപ്പോലുള്ള പുതിയ തലമുറയിലെ സംവിധായകരോടൊപ്പം വരെ പ്രവർത്തിച്ച അദ്ദേഹം വ്യത്യസ്ത കാലഘട്ടങ്ങളിലെ സിനിമകളിൽ തന്റെ പ്രതിഭയുടെ കൈയൊപ്പ് പതിപ്പിച്ചു. വലിയ മാസ് ഹിറ്റുകളുടെ ദൃശ്യവിസ്മയങ്ങൾക്കൊപ്പം 'വാൽക്കണ്ണാടി', 'വെറുതെ ഒരു ഭാര്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബബന്ധങ്ങളുടെ ആർദ്രമായ വൈകാരികതയും അദ്ദേഹം അതീവ സൂക്ഷ്മതയോടെ ക്യാമറയിൽ ഒപ്പിയെടുത്തു.

ഒരു ഛായാഗ്രാഹകന്റെ യഥാർഥ പ്രതിഭ അയാൾ പകർത്തിയ ദൃശ്യങ്ങളുടെ മനോഹാരിതയിൽ മാത്രമല്ല, ആ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിപ്പിക്കുന്ന അനുഭവങ്ങളിലും കൂടിയാണ്. ആ അർഥത്തിൽ, മലയാള സിനിമയുടെ ദൃശ്യസ്മൃതികളിൽ ഷാജി കുമാർ എന്ന പേര് കാലം മായ്ക്കാത്ത ഒരു അടയാളമായി നിലനിൽക്കും.

വെളിച്ചം പകർത്തിയ ആ കലാകാരൻ മടങ്ങിയെങ്കിലും, അദ്ദേഹം ക്യാമറയിൽ പകർത്തിവെച്ച ദൃശ്യങ്ങൾക്കൊന്നും മരണമില്ലല്ലോ...

പ്രിയപ്പെട്ട ഷാജി കുമാറിന് പ്രാർത്ഥനാപൂർവ്വം  ആദരാഞ്ജലികൾ...

ജോയ് കെ. മാത്യു

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All