newsതിരുവനന്തപുരം

നടനും പ്രേംനസീറിൻ്റെ മകനുമായ ഷാനവാസ് (70) അന്തരിച്ചു

Webdesk
Published Aug 05, 2025|

SHARE THIS PAGE!
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക - ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളിൽ നായക - വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരമാണ് ഷാനവാസ്.

ആരോഗ്യം വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആഷുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ച താരമാണ് ഷാനവാസ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ ആണ് ഷാനവാസിൻ്റെ ആദ്യ സിനിമ. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായി. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും തിളങ്ങി. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

പിതാവ് പ്രേംനസീറിനൊപ്പവും ഷാനവാസ് വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. 'ഇവൻ ഒരു സിംഹം’ എന്ന സിനിമയിലാണ് ഇറുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തുടർന്ന് ഏഴ്‌ സിനിമകളിൽ ഇരുവരും ഒന്നിച്ചു. സിനിമാരംഗം വിട്ടശേഷം ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തു. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചത്. പിന്നീട് വീണ്ടും സിനിമയിലെത്തി. 2011 ൽ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള മടങ്ങി വരവ്. പൃഥ്വിരാജ് നായകനായിരുന്ന ജനഗണമനയിലാണ് ഒടുവില്‍ അഭിനയിച്ചത്.

മണിത്താലി, ഗാനം, ഹിമം, ചൈനാ ടൗൺ, ചിത്രം, കോരിത്തരിച്ച നാൾ, മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ന്യൂ കോളേജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാ‌സ്റ്റേഴ്‌സ് ബിരുദവും നേടി. പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർ ഖാൻ. മരുമകൾ: ഹന (കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All