articleകൊച്ചി

ജേസി: ധന്യമായൊരു കലാജീവിതം, എന്റെ പ്രിയപ്പെട്ട ചേട്ടൻ... ജേസിയുടെ സഹോദരൻ എബ്രഹാം ലിങ്കൺ എഴുതുന്നു...

എബ്രഹാം ലിങ്കൺ
Published Aug 17, 2025|

SHARE THIS PAGE!
യശശ്ശരീരനായ സംവിധായകൻ ജേസിയുടെ ഒരു ജന്മദിനം കൂടി കടന്നുപോവുകയാണ്... 17.8.2025ന് 87ആം ജന്മദിനം.  സ്നേഹബന്ധങ്ങളുടെ ആരുറപ്പും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പുമുള്ള ഒരു പിടി നല്ല സിനിമകൾ നൽകി എന്നത് മാത്രമാണോ ആ ജീവിതത്തെ സഫലവും സാർത്ഥകവുമാക്കുന്നത്?
തീർച്ചയായുമല്ല.

നറുതേനിന്റെ മധുരം കിനിയുന്ന ഭാഷയിൽ വായനക്കാരന്റെ ഉള്ളുലയ്ക്കുന്ന കുറേ ചെറുകഥകളും ഏതാനും നോവലുകളും അദ്ദേഹം മലയാളിയ്ക്ക് നൽകി. നാടകങ്ങളുടെ വസന്തകാലത്ത് കാളിദാസ കലാകേന്ദ്രത്തിന്റെ സ്റ്റേജുകളിൽ ജേസിയാടിയ നായകവേഷങ്ങൾ കേരളക്കരയെ ഒന്നാകെ കോൾമയിർ കൊള്ളിച്ചിരുന്നു... 'സൗന്ദര്യവും മിശിഹാതമ്പുരാന്റെ ശാന്തതയും ഒത്തിണങ്ങിയ ആ നായകനടനെ ഒന്നു തൊടാൻ, അദ്ദേഹത്തിന്റെ ശബ്ദമൊന്നു കേൾക്കാൻ അക്കാലത്തെ ആസ്വാദകവൃന്ദം വെമ്പൽ പൂണ്ടിരുന്ന കാര്യം കവി ഓയെൻവി പിന്നീട് അനുസ്മരിച്ചിട്ടുണ്ട്... ജേസിയുടെ സവിശേഷമായ ശബ്ദഭംഗിയും ഉച്ചാരണ ശൈലിയും മലയാള ഭാഷയെത്തന്നെ സൗന്ദര്യം ചൂടിച്ച ആ നാടകക്കാലം!....

കേരളത്തിൽ ആദ്യമായി കമേഴ്‌ഷ്യൽ പരസ്യങ്ങൾക്ക് ആകർഷകമായ കാപ്ഷനുകൾ സൃഷ്ടിച്ച്, മലയാള പരസ്യകലാരംഗത്ത് 'കോപ്പി റൈറ്റിങ്ങി'നു തുടക്കം കുറിച്ചു. കേരളത്തിലാദ്യമായി - ഒരു പക്ഷേ, തെന്നിന്ത്യയിൽ തന്നെ ആദ്യമായി - മൾട്ടികളർ ഫിലിംജേർണൽ തുടങ്ങിയതും ചിത്രകാരൻ കൂടിയായ ജേസിയുടെ സംഭാവനയായിരുന്നു...
എത്രയോ കലാകാരന്മാർ ജേസിയുടെ കൈ പിടിച്ച് രംഗത്തു വന്നിട്ടുണ്ട്! സൂപ്പർതാര പദവിയിൽ ജ്വലിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ ജനപ്രിയ നടൻ ജയൻ അവരിലൊരാൾ മാത്രം!

ജേസി അഭിനയിച്ചതും ജേസി സംവിധാനം ചെയ്തതുമായ സിനിമകളിലൂടെ  അവിസ്മരണീയങ്ങളായ എത്രയോ മനോഹര ഗാനങ്ങൾ മലയാളിയ്ക്ക് ലഭിച്ചിട്ടുണ്ട്!... സുദീർഘകാലം പരസ്പരം പിണങ്ങി നടന്ന ദേവരാജൻ മാഷിനേയും ഓയെൻവി യേയും വീണ്ടും ഒരുമിപ്പിക്കുന്നതിനു കാർമികത്വം വഹിച്ചു എന്നുള്ളതും ജേസിയുടെ വലിയ സംഭാവനയായിത്തന്നെ വിലയിരുത്തപ്പെടുന്നു. ആ പുനഃസമാഗമം നടന്നില്ലായിരുന്നെങ്കിൽ 'അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ' എന്ന ചേതോഹര ഭാവഗാനം നമുക്ക് ഒരിക്കലും ലഭിക്കുമായിരുന്നില്ല... ഓയെൻവി-ദേവരാജൻ ടീമിനെ വീണ്ടും ഇണക്കിച്ചേർക്കാൻ ജേസിയ്‌ക്കെങ്ങനെ കഴിഞ്ഞുവെന്നത് എല്ലാവരെയും അദ്‌ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു.

ജേസിയുടെ കല്യാണത്തിന് കാമറയും തൂക്കി ഫോട്ടോഗ്രാഫറായി സാക്ഷാൽ ദേവരാജൻ തന്നെ വന്നുനിൽക്കുവോളം അത്ര ആഴമേറിയ സൗഹൃദം അവർ തമ്മിൽ ഉണ്ടായിരുന്നു...  ഓയെൻവിയും അത്രമേൽ തന്നെ ജേസിയെ സ്നേഹിച്ചിരുന്നു... സകല പിണക്കങ്ങളും മറന്ന് വീണ്ടുമൊന്നിക്കാൻ ആ  സംഗീതജ്ഞനും മഹാകവിയ്ക്കും ജേസിയുടെ ഒരു വാക്ക് മതിയായിരുന്നു എന്നതാണ് സത്യം!

മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് ചലച്ചിത്രാത്മകമായ ഒരു ശൈലി കാഴ്ചവച്ചു എന്നതും ജേസിയുടെ വലിയ സംഭാവനയാണ്.

ആഴത്തിൽ പഠിക്കപ്പെടേണ്ട ഒരു കലാജീവിതമാണ് ജേസിയുടേത്

എബ്രഹാം ലിങ്കൺ

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All