newsകറുകപ്പിള്ളി

സംവിധായകന്‍ ഷാഫി (56) അന്തരിച്ചു.

Webdesk
Published Jan 26, 2025|

SHARE THIS PAGE!
സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹാസ്യത്തിന് നവീനഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. ജയറാം നായകനായ വണ്‍മാന്‍ ഷോ ആയിരുന്നു ആദ്യചിത്രം. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി മൂത്ത സഹോദരനാണ്. സംവിധായകന്‍ സിദ്ധിഖ് അമ്മാവനാണ്. 1990ല്‍ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്കുള്ള പ്രവേശം. ആദ്യത്തെ കണ്‍മണിയാണ് ഷാഫി അസിസ്റ്റന്റ് ഡയറക്ടറായ ആദ്യചിത്രം.

ഒരു തമിഴ് സിനിമയുള്‍പ്പടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ടൂ കണ്‍ട്രീസ്, ചോക്ലേറ്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, വെനീസിലെ വ്യാപാരി, ഷെര്‍ലക് ടോംസ്, 101 വെഡ്ഡിങ്‌സ്, ഒരു പഴയ ബോംബ് കഥ, ആനന്ദം പരമാനന്ദം എന്നിവയാണ് ഷാഫി ഒരുക്കിയ ചിത്രങ്ങള്‍.

ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കും.

എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.

Related Stories

Latest Update

Top News

News Videos See All