newsതിരുവനന്തപുരം

പ്രശസ്ത സംവിധായകൻ ഹരികുമാർ അന്തരിച്ചു

webdesk
Published May 06, 2024|

SHARE THIS PAGE!
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ ശ്രദ്ധേയമായ  18 സിനിമകൾ സംവിധാനം ചെയ്തു.

2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ അദ്ദേഹം അംഗമായിരുന്നു. 1981ൽ പുറത്തിറങ്ങിയ ആമ്പൽ പൂവായിരുന്നു ആദ്യ സിനിമ. പിന്നീട് സ്നേഹപൂർവം മീര,  ഒരു സ്വകാര്യം, പുലി വരുന്നേ പുലി, ‌അയനം, ജാലകം, കാറ്റും മഴയും, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകൻ, സ്വയംവര പന്തൽ, പുലർവെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.

2022ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1994ല്‍ എം  ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി. മമ്മൂട്ടിയും ഗൗതമിയും പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു.

ചന്ദ്രികയാണ് ഭാര്യ.

മുഖ്യമന്ത്രി അനുശോചിച്ചു

കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാര്‍. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘സുകൃതം’ ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ സിനിമ നേടുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള ‘ഉദ്യാനപാലകന്‍’, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള ‘ജാലകം’, എം.മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള ‘ക്‌ളിന്റ്’ തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All