articleതിരുവനന്തപുരം

ലാലി രംഗനാഥ്‌.. നന്മാക്ഷരങ്ങളുടെ എഴുത്തുകാരി.

റഹിം പനവൂർ (PH : 9946584007)
Published Apr 01, 2024|

SHARE THIS PAGE!
മലയാള സാഹിത്യലോകത്തിൽ തനത് വ്യക്തിത്വവും നന്മയുടെ മൂല്യവും കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരിയാണ് ലാലി രംഗനാഥ്‌. ഹൃദയഭാഷയിൽ വായനക്കാരോട് സംവദിക്കുന്ന വളരെ ലളിതമായ എഴുത്തുരീതിയുമായി ആസ്വാദക മനസ്സുകളിലേയ്ക്ക് നേരിട്ട് കടന്നുചെല്ലാൻ ലാലിയ്ക്ക് സാധിക്കുന്നു. മനുഷ്യ വികാരങ്ങളുടെ തീക്ഷ്ണഭാവങ്ങളെ ആ രചനകളിലൂടെ അനുഭവിച്ചറിയാനാകും. കടലാഴങ്ങളൊളിപ്പിക്കുന്നതിലും കൂടുതൽ നിഗൂഢതകൾ ഒരു മനുഷ്യ മനസ്സിന് സൂക്ഷിക്കാനാവുമെന്ന് എഴുത്തുകളിൽ പലതിലൂടെയും ഈ കഥാകാരി ഊന്നിപ്പറയുന്നു. പ്രണയവും വിരഹവും ജീവിത നഷ്ടങ്ങളും സമകാലിക സാമൂഹ്യ പ്രശ്നങ്ങളും രചനകളിൽ വിഷയങ്ങളാകുന്നുണ്ടെങ്കിലും പ്രണയവും വിരഹവും ഏറെ പ്രിയപ്പെട്ടവയെന്ന് ലാലി വ്യക്തമാക്കുന്നുണ്ട്. നേടിയെടുക്കലല്ല, വിട്ടുകൊടുക്കലാണ് യഥാർത്ഥ പ്രണയമെന്നും,ത്യാഗമാണ് സ്നേഹമെന്നുമാണ് ലാലിയുടെ കാഴ്ചപ്പാട്.മ്യൂസിക്കൽ ആൽബങ്ങൾക്കും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.  പ്രണയം, വിരഹം എന്നിവ തന്നെയാണ് കൂടുതലും പ്രമേയമായി വന്നിട്ടുള്ളത്.
എഴുതിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ലാലി തന്നെ ഹൃദയത്തിലേറ്റുന്നതും "പ്രണയിച്ചു തീരാതെ..." എന്ന പാട്ടിന്റെ വരികളാണ്. വിനോദ് നീലാംബരിയാണ് ഈണവും ആലാപനവും. കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ കുറച്ച് കോളേജ് വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞത് ഈ ഗാനത്തിന്റെ രചയിതാവെന്ന രീതിലായിരുന്നു എന്നുള്ളത് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് ലാലി ഓർക്കുന്നു.


ഒരു മോഹപ്പക്ഷി, മോഹം, ഒരു പെൺകിളിയുടെ വിലാപം തുടങ്ങിയവ പെയ്തൊഴിയാതെ എന്ന കവിതയുടെ പേജിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രണയ കവിതകളാണ്.
മൂന്നു പുസ്തകങ്ങളാണ് ലാലിയുടെ പേരിൽ വായനക്കാരിലേയ്ക്കെത്തിയത്.
അശാന്തമാകുന്ന രാവുകൾ ( കഥാസമാഹാരം), മുഖംമൂടികളും ചുവന്ന റോസാപ്പൂവും ( കവിതാ സമാഹാരം),നീലിമ ( നോവൽ) ഇവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ.
കഥാസമാഹാരത്തിലെ അമ്മിണിക്കുട്ടി കഥകൾ ഏറെ പ്രശംസയേറ്റുവാങ്ങിയ എട്ട് കുട്ടിക്കഥകൾ ചേർന്നതാണ്. അമ്മിണിക്കുട്ടി എന്ന ഒരു പെൺകുട്ടിയുടെ അഞ്ചു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള കാലഘട്ടത്തിലെ നഷ്ടങ്ങളും കുറുമ്പുകളുമെല്ലാം കോർത്തിണക്കിയ ഒരു കഥക്കൂട്ട്. ആത്മാംശമുള്ള കഥകളാണവയെന്ന് കഥാകാരി തന്നെ പറഞ്ഞിട്ടുണ്ട്.
 പ്രണയവും ബാല്യത്തിലെ നഷ്ടവും അനാഥത്വവുമെല്ലാം പ്രമേയമാക്കുന്നതാണ് കവിതകൾ.
 പെൺമനസിന്റെ നിഗൂഢതകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് നീലിമ എന്ന നോവലിൽ. 2023 ൽ ഷാർജ ബുക്ക് ഫെസ്റ്റിൽ വച്ച് സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണനാണ് ഈ നോവൽ പ്രകാശനം ചെയ്തത്.


ഷാർജ ബുക്ക്‌ ഫെസ്റ്റിലെ അനുഭവങ്ങൾക്ക് നക്ഷത്രത്തിളക്കം. സാഹിത്യജീവിതത്തിലെ മറക്കാനാവാത്ത ഒന്നായി ഹൃദയത്തിൽ അവ സൂക്ഷിക്കുന്നുണ്ടെന്ന് ലാലി പറഞ്ഞു.മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരെയും കാണാനും അവരുടെ പ്രഭാഷണങ്ങളും പ്രസംഗങ്ങളും കേൾക്കാനും അവസരം ലഭിച്ചു.
ലോകത്തിലെ തന്നെ രണ്ടാം സ്ഥാനമുള്ള വലിയ പുസ്തകമേള. നീലിമയുടെ രണ്ടാം പതിപ്പ് നർത്തകി മേതിൽ ദേവികയും പ്രകാശനം ചെയ്തു.ഈ പ്രതിഭകളോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞു എന്നുള്ളത് തന്നെ ഭാഗ്യമായി കരുതുന്നുവെന്ന് കഥാകാരി പറയുന്നു. മൂന്ന് പുസ്തകങ്ങളും ഐവറി പബ്ലിക്കേഷൻസ് തൃശൂർ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഐവറി സി.ഇ.ഒ പ്രവീൺ വൈശാഖനെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ലാലി.


   ചെറിയ കാലയളവിൽ ധാരാളം പുരസ്‌കാരങ്ങൾ ലാലി രംഗനാഥിന് നേടാനായിട്ടുണ്ട്.നോവലിനും കഥാസമാഹാരത്തിനും 2023ല്‍ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2022ലെ മികച്ച കവിതയ്ക്കുള്ള സുഗതകുമാരി സാഹിത്യ വേദിയുടെ ജൂറി പുരസ്കാരം, അക്ഷരം സാഹിത്യ വേദിയുടെ മികച്ച നവാഗത പ്രതിഭാ പുരസ്കാരം,
നിർമ്മാല്യം കലാസാഹിത്യ വേദിയുടെ മികച്ച കഥാസമാഹാരത്തിനുള്ള അക്ബർ കക്കട്ടിൽ പുരസ്‌കാരം,
കാക്കനാടൻ ഗവേഷണ പഠനകേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം, 
ബി.എസ്.എസിന്റെ മികച്ച സാഹിത്യപ്രവർത്തനത്തിനുള്ള ഭാരത് സേവക് ദേശീയ പുരസ്കാരം, കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ രാജാരവിവർമ്മ കാവ്യാഞ്‌ജലി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
  ഓൺലൈൻ മാഗസിനുകളിലും മുഖപുസ്തകത്തിലും അമേരിക്കൻ പത്രമായ മലയാളി മനസ്സ്, ചിക്കാഗോയിൽ നിന്നുമുള്ള കേരള എക്സ്പ്രസ് തുടങ്ങിയവയിലും ലാലി സ്ഥിരമായി എഴുതുന്നുണ്ട്.


 തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ എന്ന ഗ്രാമത്തിൽ സാവിത്രി- വാമദേവൻ ദമ്പതികളുടെ മകളായാണ് ലാലി ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് കലാപരിപാടികളിലും പ്രസംഗമത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.അതിനേറെ സഹായിച്ചിട്ടുള്ളത് മണമ്പൂർ എന്ന സ്വന്തം ഗ്രാമത്തിലെ നവകേരളം എന്ന സംഘടന നടത്തിയിട്ടുള്ള മത്സരങ്ങളിൽ പങ്കെടുത്ത പരിശീലനത്തിലൂടെയായിരുന്നുവെന്നും അന്ന് കൈയക്ഷരം, പ്രസംഗം, ഉപന്യാസം തുടങ്ങിയ മത്സരങ്ങളിൽ കിട്ടിയിട്ടുള്ള സമ്മാനങ്ങൾ വളരെ വിലപ്പെട്ടതായിത്തന്നെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്നും ഈ എഴുത്തുകാരി ഓർത്തെടുത്തു.
നാലാം ക്ലാസുവരെ മണമ്പൂർ യൂപി സ്കൂളിലായിരുന്നു പഠിച്ചത്. നിശ്വാസങ്ങളിലിപ്പോഴും മണമ്പൂർ എന്ന ഗ്രാമത്തിന്റെ തുടിപ്പുണ്ടെന്ന് ലാലിയുടെ പല രചനകളിലൂടെയും ആസ്വാദകർക്ക് മനസ്സിലാക്കാൻ കഴിയും.


ഏഴാം ക്ലാസ് വരെ ആറ്റിങ്ങൽ ബി.ടി.എസിലും ഏഴു മുതൽ പത്ത് വരെ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലുമായിട്ടാണ് പഠനം പൂർത്തിയാക്കിയത്. 
പ്രീഡിഗ്രി, ഡിഗ്രി ക്ലാസുകൾ വർക്കല എസ്.എൻ കോളേജ്, കരമന എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു. സസ്യശാസ്ത്ര ബിരുദധാരിയാണ്.
കോളേജ് കാലത്തെ എഴുത്തുകൾ മാഗസിനുകളിൽ ഒതുങ്ങിയിരുന്നെങ്കിലും സഹപാഠികളായ രണ്ടുപേർ പ്രണയിച്ച് വിവാഹിതരാകാൻ പ്രണയ വരികൾ എഴുതിക്കൊടുത്ത്,കൂട്ടുകാരിയുടെ പ്രണയത്തെ ഊട്ടി വളർത്തിയെന്ന് പലയിടത്തും അഭിമാനത്തോടെ ഈ എഴുത്തുകാരി പറയാറുണ്ട്. 


കൊല്ലം സ്വദേശിയും ബിസിനസുകാരനുമായ രംഗനാഥനെ വിവാഹം കഴിച്ചശേഷം ഏറെക്കാലം സാഹിത്യലോകത്ത് സജീവമല്ലായിരുന്നു. അമ്മയുടെ ആകസ്മികമായ മരണത്തിലുള്ള ദുഃഖം വരികളായി മാറിയപ്പോഴാണ് ഭർത്താവ് ലാലിയുടെ സാഹിത്യവാസന തിരിച്ചറിഞ്ഞത്. അദ്ദേഹം മുൻകൈയെടുത്തു മാധ്യമം പത്രത്തിൽ ആ കവിത അന്ന് പ്രസിദ്ധീകരിച്ചു വന്നിരുന്നു.
'അമ്മ 'എന്ന ആ കവിത 1990ൽ ആകാശവാണിയുടെ തൃശൂർ നിലയത്തിൽ ലാലി  അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മകന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നപ്പോൾ സാഹിത്യലോകത്തു നിന്നും മാറി നിൽക്കുകയാണുണ്ടായത്. കുടുംബത്തിന്റെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ തനിക്കു കരുത്തു പകരുന്നുവെന്നും ഏതൊരു സാഹിത്യകാരിക്കും അത് അത്യാവശ്യമാണെന്നും ലാലി പറഞ്ഞു.തന്റെ ചില കഥകൾ കഥാപ്രസംഗ രൂപത്തിലാക്കി വേദികളിൽ പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുന്ന സ്നേഹലത ടീച്ചറും ലാലിയുടെ സ്നേഹവലയത്തിലുണ്ട്. ഏതൊരു സാഹിത്യകാരിക്കും അല്ലെങ്കിൽ കലാകാരിക്കും കുടുംബത്തിൽ നിന്നുള്ള പിന്തുണ ഏറെ ആവശ്യമാണെന്നും അതിൽ താൻ അനുഗ്രഹിക്കപ്പെട്ടവളാണെന്നും കഥാകാരി നന്ദിയോടെ സ്മരിക്കുന്നു.


  ലാലിക്ക് ഒരു മകനാണുള്ളത്. ധനു രംഗനാഥ്. എൻജിനീയറിങ് പഠനശേഷം ഇപ്പോൾ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
മരുമകൾ ശ്രീരഞ്ജനി ബാംഗ്ലൂരിൽ ടി. സി. എസിൽ അസിസ്റ്റന്റ് മാനേജരാണ്.ഒരു കൊച്ചു മകളുണ്ട്. ദേവാൻഷി ധനു. ബാംഗ്ലൂർ,ഗുഞ്ചൂരിൽ ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ മൂന്നാം സ്റ്റാന്റേർഡിൽ  പഠിക്കുന്നു. ഇരുപത്തിമൂന്നു വർഷമായി കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.

റഹിം പനവൂർ
ഫോൺ : 9946584007

Comments

സലിംച്ചുള്ളന

said, at Apr 02, 2024

ലളിതമായ ഭാഷയിൽ നമുക്ക് ചുറ്റുമുള്ള സാധാരണ ജീവിതങ്ങൾ വരച്ചിടുന്ന നല്ലൊരു എഴുത്തുകാരിയാണ് ലാലി രംഗനാഥ് 🌹❤️🌹🌹❤️❤️അഭിനന്ദനങ്ങൾ 🌹❤️🌹🌹🌹👍


Zahira Adam

said, at Apr 02, 2024

ശ്രീ റഹിം പനവൂറിൻ്റെ പരിചയപ്പെടുത്തലിലൂടെ പ്രിയ കഥാകാരിയുടെ രചനകളെക്കുറിച്ചും, കുടുംബ പശ്ചാത്തലവുമൊക്കെ അറിയാനായി.
അതേ നന്മയുടെ മൂല്യം തിരിച്ചറിഞ്ഞ എഴുത്തുകാരി. ലാലിയുടെ കവിതകൾ കുറച്ചൊക്കെ കേട്ടിട്ടുണ്ട്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മനോഹരമായ വരികളാണ്.
ലഭിച്ച അംഗീകാരങ്ങൾ അർഹിക്കുന്നത് തന്നെയാണ്. ഇനിയുമിനിയും തൻ്റെ മികവുറ്റ രചനകളിലൂടെ ഒത്തിരി പുരസ്ക്കാരങ്ങൾ തേടിയെത്തട്ടെയെന്ന് ആശംസിക്കുന്നു.🥰👍🌹🌹


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All