തൊട്ടിലിൽ കിടത്തി അമ്മ പാട്ട് പാടി ഉറക്കാൻ ശ്രമിച്ചപ്പോൾ അതീവ ഹൃദ്യമായ പാട്ട് കേട്ട് ഉറങ്ങാതെ കിടന്ന ഒരു കുഞ്ഞ്. വീട്ടിൽ എല്ലാവരും ഉറങ്ങിയപ്പോഴും പാട്ട് കേട്ട് കിടന്ന ആ കുഞ്ഞ് വളർന്ന് വലുതായി. ഇന്നൊരു മകന്റെ അമ്മയുമായി. പത്തനംതിട്ടയിൽ ടി. എൻ ജോയ്‌സനിന്റെയും ജോളി ജോയ്സനിന്റെയും മകൾ ജെസ്സി ജോയ്സൻ ആണ് പണ്ടത്തെ 'കുഞ്ഞ് ', ഇപ്പോഴത്തെ നല്ലൊരു പാട്ടുകാരിയും. കുവൈറ്റിൽ കുടുംബസമേതം താമസിക്കുന്ന ജെസ്സി പാട്ട് കേട്ട് വളർന്ന് നല്ലൊരു പാട്ടുകാരിയായി. ഗായിക മാത്രമല്ല നർത്തകിയും അഭിനേത്രിയും നിർമാതാവും സംവിധായികയും എഴുത്തുകാരിയും ആങ്കറുമാണ്. ജെസ്സിയുടെ കുടുംബവും കലാരംഗത്ത് സജീവമാണ്.
ഓണത്തെ ആസ്‌പദമാക്കി പ്രവാസി കലാകാരന്മാർ ഒരുക്കിയ 'ഹബീബി ഹാപ്പി ഓണം 'എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിൽ ജെസ്സിയും ഭർത്താവ് ദീപു വർഗീസ് തോമസും മകൻ ജെയ്ഡൻ ദീപു തോമസും അഭിനയിച്ചു. ആൽബത്തിന്റെ മൂന്ന് നിർമാതാക്കളിൽ (കെ.കെ പ്രൊഡക്ഷൻസ് , ജെ.ഡി ക്രീയേഷൻസ് , വി.ജെ.കെ ക്രീയേറ്റീവ്) ഒരാൾ ജെസ്സിയാണ്.
ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിൽ ജെസ്സി പാടി അഭിനയിച്ചിട്ടുണ്ട്. കുഞ്ഞു അറബിയായി അഭിനയിച്ചത് യൂകെജിക്കാരൻ ജെയ്ഡൻ ദീപു തോമസും ആണ്. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ചതാണ് ഈ വീഡിയോ ആൽബം.
കേരളത്തിലെ വ്യത്യസ്തമാർന്ന കലാരൂപങ്ങളുടെ ഒത്തുചേരൽ കൂടിയായ ആൽബത്തിലെ ഗാനം രചിച്ചത് വട്ടിയൂർക്കാവ് കൃഷ്ണകുമാർ ആണ്. ജോസി പുല്ലാട് ഈണം നൽകി. ജെസ്സിയോടൊപ്പം ബിനു ആലപ്പിയാണ് ഗാനം ആലപിച്ചത്. ശരത്കുമാർ ശശിധരൻ ആണ് ആൽബത്തിന്റെ സംവിധായകൻ. ആൽബം നിരവധി രാജ്യങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രവാസ ലോകത്ത് പത്തോളം മ്യൂസിക് ബാൻഡുകളിൽ നിരവധി ഭാഷകളിൽ (ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, അറബിക്) ഊർജ്ജസ്വലമായ സംഗീത പ്രകടനത്തിലൂടെയും സ്റ്റേജ് പരിപാടി കളിൽ നർമ്മം നിറഞ്ഞ അവതരണത്തിലൂടെയും കുവൈറ്റ് പ്രേക്ഷകരുടെ മനം കവർന്ന കലാകാരിയാണ് ജെസ്സി. കുവൈറ്റിലെ വിബ്ജോർ ടിവിയിൽ പ്രോഗ്രാം അവതാരകയായി തിളങ്ങിയിട്ടുണ്ട്. കുവൈറ്റ് ടെലിവിഷനിലും കുവൈറ്റ് ഉർദു റേഡിയോ സ്റ്റേഷനിലും അതിഥിയായി പങ്കെടുത്തിട്ടുണ്ട്. പാട്ടുകാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന പാട്ടും പറച്ചിലും എന്ന പ്രോഗ്രാമിലും ക്ഷണിച്ചിരുന്നു. കുവൈറ്റിലെ ടിവി ചാനൽ പ്രോഗ്രാമുകളിലൂടെ ഏറെ സുപരിചിതയാണ്. സ്കൂൾ കാലഘട്ടം മുതൽ നിരവധി അംഗീകാരങ്ങൾ ജെസ്സിയ്‌ക്ക് കിട്ടിയിട്ടുണ്ട്.

ദേശീയ ബാലതരംഗത്തിന്റെ ശലഭമേള ആർട്സ് മെഗാ ഫെസ്റ്റിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പാട്ടിനും സംഘനൃത്തത്തിനുമുള്ള സമ്മാനങ്ങൾ നടനും കേന്ദ്രമന്തിയുമായ സുരേഷ്ഗോപിയിൽ നിന്നും വാങ്ങിയിട്ടുണ്ട്. കലാമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാങ്ങിച്ചിട്ടുള്ള ജെസ്സി കുവൈറ്റിലും കലാപ്രവർത്തങ്ങളിൽ ശ്രദ്ധേയയാണ്. കേരളത്തിലും കുവൈറ്റിലുമുള്ള സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങൾ ജെസ്സിയെ തേടിയെത്തിയിട്ടുണ്ട്. കുവൈറ്റിലെ ഇന്ത്യൻസ് ഇൻ കുവൈറ്റ് ഗോട് ടാലന്റ്
ഷോയിൽ ടോപ് 10 സിംഗർ അവാർഡ് കിട്ടിയിട്ടുണ്ട് . ടെക്സാസ് പനോരമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വേദിയിൽ ചലച്ചിത്ര, ടിവി താരം ജീജ സുരേന്ദ്രനിൽ നിന്നും പുരസ്‌കാരം വാങ്ങിയിട്ടുണ്ട്.ജെസ്സി രചനയും സംവിധാനവും നിർവഹിച്ച' ബോസ് ബേബി'എന്ന ഹ്രസ്വ ചിത്രത്തിന്
സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമി എക്സലൻസ് അവാർഡ് ലഭിച്ചിരുന്നു . സാബു സൂര്യചിത്ര സംവിധാനം ചെയ്ത ഒരു പിടി നല്ല ഷോർട്ടു ഫിലിമുകളിൽ കഥാപാത്രങ്ങളായിട്ടുണ്ട്.
കുവൈറ്റിലെ മാധ്യമങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ കലാകാരിയ്‌ക്ക് നിരവധി പ്രമുഖരിൽ നിന്നും പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മൂന്നു വയസുള്ളപ്പോൾ സ്റ്റേജിൽ കയറി ഡാൻസ് ചെയ്ത ജെസ്സി പിന്നീട് നിരവധി വേദികളിൽ നൃത്തച്ചു വടുകൾ വച്ചിട്ടുണ്ട്. കലാകാരായ മാതാപിതാക്കൾ നൽകിയ പ്രോത്സാഹനവും
സുഹൃത്തക്കളുടെയും ഗുരുക്കന്മാരുടെയും ഭർത്താവിന്റെയും പിന്തുണയും
ഈശ്വരാനുഗ്രഹവുമാണ് കലാവളർച്ചയ്‌ക്ക് പ്രചോദനമായതെന്ന് ജെസ്സി പറയുന്നു.
ഐ റ്റി എഞ്ചിനീയറിംഗ് പഠിച്ച ജെസ്സി കുറച്ചുകാലം കോയമ്പത്തൂർ, തിരുവനതപുരം ടെക്നോപാർക്ക്, കൊച്ചിയിൽ ഇൻഫോ
പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ അനലിസ്റ്റ്, ക്വാളിറ്റി കൺട്രോളർ, പ്രൊജക്ട് മാനേജർ എന്നിങ്ങനെ ജോലി ചെയ്തിട്ടുണ്ട് .
10 വർഷത്തോളമായി കുവൈറ്റിൽ താമസിക്കുന്ന ജെസ്സി കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റിക് (കെ എഫ് ഇ ), കുവൈറ്റ് ഇന്ത്യൻ സിംഗേഴ്സ് വെൽഫെയർ അസ്സോസിയേഷൻ,
ഇന്ത്യൻ ആർട്സ് കുവൈറ്റ് അസോസിയേഷൻ എന്നിവിടങ്ങളിൽ മെമ്പറാണ്. വരുമാനത്തിന്റെ നല്ലൊരു തുകയും കാരുണ്യപ്രവർത്തനങ്ങൾക്കാണ് ഈ യുവതി മാറ്റിവയ്ക്കുന്നത്.
ഐടി, റീട്ടെയിൽ, ഇൻവെസ്റ്റ്മെന്റ്, ഓഡിറ്റ്, കൺസൾട്ടിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ ആൻഡ് യൂട്ടിലിറ്റികൾ,ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സേവനത്തിനും ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ടീം മെമ്പർ എന്ന നിലയിലും നിരവധി തവണ അവാർഡ് നേടിയിട്ടുണ്ട്. കുവൈറ്റിൽ പ്രോസസ്സ് ആൻഡ് ഗോവെർണൻസ് കൺസൾട്ടന്റായി ഇപ്പോൾ ജോലി ചെയ്യുന്നു. ഭർത്താവ് ഹെയ്സ്ക്കോ എന്ന സ്ഥാപനത്തിൽ സീനിയർ ക്വാണ്ടിറ്റി സർവേയറാണ്. അഞ്ചു വയസ്സുകാരനായ മകൻ ഇതിനകം അമ്മയോടൊപ്പം നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുണ്ട്. കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ബാലകലാമേളയിലും കിസ്വ വേദിയിലും ജൂനിയർ സയൻസ് ആൻഡ് മാത്‍സ് ഒളിമ്പ്യഡ് രംഗത്തിലും ഗോൾഡ് മെഡലിസ്റ് ആണ്. യൂ കെജിക്കാരൻ മകൻ ജെയ്ഡൻ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ (ഭവൻസ്) പഠിക്കുന്നു.
റഹിം പനവൂർ
ഫോൺ : 9946584007