newsതിരുവനന്തപുരം

29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

Webdesk
Published Dec 11, 2024|

SHARE THIS PAGE!
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്  ഡിസംബർ 13 ന് തുടക്കമാകും.

 വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.
 അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ഷബാന ആസ്മിക്ക് ഐ.എഫ്.എഫ്.എഫ്.കെയുടെ ആദരം.

ഹോങ്കോങ്ങിൽനിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഉദ്ഘാടന ചടങ്ങിൽ സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ 'ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.

ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.

Related Stories

Latest Update

Top News

News Videos See All