articleകൊച്ചി

എന്റെ ഓര്‍മ്മകളിലെ 'വീട്ടിലെ വി എസ്' - പി ആര്‍ സുമേരന്‍.

പി ആര്‍ സുമേരന്‍
Published Jul 23, 2025|

SHARE THIS PAGE!
വി എസ് നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാധ്യമ പ്രവര്‍ത്തകന്‍ പി ആര്‍ സുമേരന്‍ പങ്കിടുന്നു


നീതിബോധമുള്ള ഭരണാധികാരിയായ വി എസ് അച്യുതാനന്ദനെക്കുറിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ദീപ്തമായ എത്രയോ ഓര്‍മ്മകള്‍ ഉണ്ടാകും. വി എസ് മാധ്യമ പ്രവര്‍ത്തകരോട് ഏറെ സൗഹാര്‍ദപൂര്‍വ്വം പെരുമാറിയിരുന്ന ഒരാളാണ്. കാല്‍നൂറ്റാണ്ട് പിന്നിടുന്ന എന്‍റെ മാധ്യമ പ്രവര്‍ത്തന ജീവിതത്തിനിടയില്‍ എനിക്കും വി എസി നെക്കുറിച്ച് ഒട്ടേറെ ഓര്‍മ്മകളുണ്ട്. അദ്ദേഹവുമായി സംസാരിക്കാനും അഭിമുഖം നടത്തുവാനും കഴിഞ്ഞിട്ടുണ്ട്. സാംസ്ക്കാരിക പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയാണ് എന്നോട് ആദ്യമായി വി എസിനെക്കുറിച്ച് എഴുതാന്‍ പറയുന്നത്. ജീവിത സായാഹ്നത്തിലും കര്‍ക്കശമായ ജിവിത ചര്യകള്‍ കൊണ്ട് ആരോഗ്യനിഷ്ഠകള്‍ പാലിക്കുന്ന വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യരഹസ്യങ്ങളെക്കുറിച്ച് എഴുതാനാണ് ജമാലിക്ക എന്നോട് പറയുന്നത്. കൂട്ടത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്‍റെയും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെയും ആരോഗ്യരഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫീച്ചര്‍ തയ്യാറാക്കാണമെന്നാണ് ജമാലിക്ക ആവശ്യപ്പെട്ടത്. അങ്ങനെ ജീവിത സായാഹ്നത്തിലെ കര്‍മ്മനിരതര്‍ എന്ന പേരില്‍ ആ ഫീച്ചര്‍ ഞാന്‍ എഴുതി. ആദ്യമായി വി എസ് നോട് സംസാരിക്കുന്നത് ആ കുറിപ്പ് തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു. വളരെ കൃത്യനിഷ്ഠ പാലിച്ചുള്ള ജീവിതശൈലിയായിരുന്നു മൂന്ന് പേര്‍ക്കും. ഏറെ ശ്രദ്ധേയമായിരുന്നു ആ ഫീച്ചറും. തേജസ് വാരാന്ത്യപ്പതിപ്പിലായിരുന്നു ആ ഫീച്ചര്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് നൈതിക സംവാദത്തിന്‍റെ ജസ്റ്റിസ് പി സുബ്രഹ്മണ്യന്‍ പോറ്റിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരത്തിന്‍റെ രചനയിലും ആ കൃതിയുടെ എറണാകുളത്തെ പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടന്ന പ്രകാശനത്തിലും എനിക്ക് വി എസുമായി ഇടപഴകാനും സംസാരിക്കാനും അവസരമുണ്ടായി. പ്രകൃതിഭക്ഷണം മാത്രം കഴിച്ചിരുന്ന വി എസ് ന്‍റെ പിറന്നാല്‍ ദിനത്തിലായിരുന്നു നൈതിക സംവാദത്തിന്‍റെ പ്രകാശനം. ആ ചടങ്ങിനിടെ ആരോ ലഡു വിതരണം ചെയ്തതും വി എസ് ലഡു കഴിച്ചതും ഒക്കെ ആ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ രസകരമായ വാര്‍ത്തകളായി വന്നിരുന്നു.പിന്നീട് 2023 നവംബറിലാണ് ഞാന്‍ വി എസ് നെ അഭിമുഖം നടത്തുന്നത്. മംഗളം കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായി ഞാന്‍ ജോലി ചെയ്യുമ്പോഴാണ് വീട്ടിലെ വി എസ് എന്ന അഭിമുഖം ഞാന്‍ ചെയ്യുന്നത്. വി എസ് വീട്ടിലെങ്ങനെയാണ് പെരുമാറുന്നതും അച്ഛനായും ഭര്‍ത്താവായും മുത്തച്ഛനായും കുടുംബനാഥനായുമൊക്കെ വി എസ് മാറുന്ന രസകരമായ ഒരു അഭിമുഖമായിരുന്നു അത്. കന്യകയുടെ എഡിറ്റര്‍ എ ചന്ദ്രശേഖറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഞങ്ങള്‍ അങ്ങനെയൊരു ആശയത്തിലൂടെ വി എസ് നെക്കുറിച്ച് ഫീച്ചര്‍ തയ്യാറാക്കിയത്. മാധ്യമ പ്രവര്‍ത്തകനും  വി എസ് ന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു കെ വി സുധാകരന്‍റെ സഹോയത്തോടെയാണ് എനിക്ക് വി എസ് നെ അഭിമുഖം നടത്താന്‍ അവസരം കിട്ടിയത്. ലാവലിന്‍ കേസും മറ്റും വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു അഭിമുഖം. 20 മിനിട്ടാണ് അഭിമുഖത്തിന് സമയം അനുവദിച്ചതെങ്കിലും വി എസ് നല്ല മൂഡിലായിരുന്നതിനാല്‍ ഏതാണ്ട് ഒന്നര മണിക്കൂറോളം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ ഇരുന്ന് സംസാരിച്ചു. ഒട്ടേറെ വിവാദമായ കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചുവെങ്കിലും അതെല്ലാം ഒഴിവാക്കി ഒരു കുടുംബനാഥന്‍ എന്ന രീതിയില്‍ തന്നെയാണ് ആ അഭിമുഖം ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. വളരെ കര്‍ക്കശക്കാരനെന്ന മുന്‍വിധിയോടെ പേടിയോടെയാണ് സംസാരിച്ച് തുടങ്ങിതതെങ്കിലും വളരെ സ്നേഹവാത്സല്.ത്തടെയാണ് അദ്ദേഹം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. വി എസും പത്നി വസുമതിയും ചേര്‍ന്നാണ് വീട്ടിലെ വിശേഷങ്ങള്‍ പങ്കിട്ടത്. വി എസ് നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ഏറ്റവും മധുരമുള്ള ഓര്‍മ്മയായിരുന്നു ആ അഭിമുഖം. അദ്ദേഹം ഏറെ തിരക്കുണ്ടായിരുന്നുവെങ്കിലും അഭിമുഖത്തിന് ശേഷം ഒത്തിരി ഫോട്ടോകള്‍ എടുക്കാനും തയ്യാറായി നിന്നു. അദ്ദേഹത്തിന്‍റെയും പത്നിയുടെയും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജി  വിപിന്‍കുമാറായിരുന്നു. എന്‍റെ സഹപ്രവര്‍ത്തക സോന വര്‍ഗ്ഗീസും ഒപ്പമുണ്ടായിരുന്നു.

പി ആര്‍ സുമേരന്‍

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All