മലയാള സിനിമയിൽ നാം ഇന്ന് പുറമെ കാണുന്ന ഗ്ലാമർ ഇതിന്റെ ഉള്ളറകളിൽ ഇല്ല എന്ന തിരിച്ചറിവാണ് ഈയിടെയായി വാർത്തമാധ്യമങ്ങളിലൂടെ വെളിപ്പെട്ടു വരുന്നത്. ഈ വെളിപ്പെടലുകൾ മലയാളി സമൂഹത്തെ വല്ലാതെ വേട്ടയാടുന്നുണ്ട്. വെളിച്ചത്തു ചിത്രീകരിച്ചു ഇരുട്ടത്തു പ്രദർശിപ്പിക്കുന്ന സിനിമ... കണ്ണിനും കാതിനും കരളിനും ആസ്വാദനം നൽകുന്ന സിനിമയുടെ പിന്നാമ്പുറങ്ങൾ എത്രത്തോളം മാലിന്യം നിറഞ്ഞതാണെന്ന വസ്തുത നമ്മെ അതിശയിപ്പിക്കുന്നു.
മലയാള സിനിമയുടെ പിതാവെന്നറിയപെടുന്ന ജെ സി ഡാനിയേൽ നിർമ്മിച്ച് 1930 ഒക്ടോബറിൽ പ്രദർശിപ്പിച്ച ആദ്യത്തെ നിശബ്ദ ചിത്രമായ വിഗതകുമാരനിൽ തുടങ്ങിയ മലയാള സിനിമ ചരിത്രം. ഇന്ന് മലയാള സിനിമ വെള്ളിത്തിരയിൽ ജീവിതയാഥാർഥ്യം ജീവിത മൂല്യങ്ങളും റിയാലായി ഉയർത്തികാട്ടികൊണ്ടു മറ്റു ഭാഷ ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. മലയാള സിനിമ ഇന്ന് റീയാലിറ്റിയിലും സാങ്കേതിക മികവിലും ലോക സിനിമയ്ക്കു മുന്നിൽ വളരെയധികം ശ്രെധ നേടിയിട്ടുണ്ട്.
നടന വിസ്മയം വെള്ളിത്തിരയിൽ തീർക്കുന്ന മികച്ച അഭിനേതാക്കൾ, മികച്ച സാങ്കേതിക പ്രവർത്തകർ എന്നും മലയാള സിനിമയ്ക്കു അഭിമാനമാണ്. എന്നും തലയെടുപ്പോടെ നിന്നിരുന്ന മലയാള സിനിമ ഇന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആടിയുലയുകയാണ്. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന വിവേചനവും അനീതിയും അവഗണനയും ചൂഷണങ്ങളും പുറത്തുകൊണ്ടു വന്നുകൊണ്ടിരിക്കുകയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ.
സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് നിരന്തരമായി സിനിമയിലെ കലാകാരികൾ പരാതികൾ ഉന്നയിച്ചുവന്ന സാഹചര്യത്തിൽ 2017 ജൂലൈയിൽ റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി കെ ബി വത്സലകുമാരിയും മുതിർന്ന ചലച്ചിത്ര അഭിനേത്രി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയെ സിനിമിയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ രൂപീകരിച്ചു നിയമിച്ചു. ഒരു സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ, സ്ത്രീകൾ നേരിടുന്ന പ്രശനങ്ങൾ എന്നിവ പഠിക്കാൻ ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്, അതും മലയാള സിനിമയിൽ എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്.
മലയാളസിനിമയിൽ നിലനിൽക്കുന്ന വ്യാപകമായ ലഹരി ഉപയോഗം, കാസ്റ്റിംഗ് കൗച്ച് എന്ന പേരിൽ സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യൽ, തൊഴിൽ അവസങ്ങൾ നഷ്ടപെടുത്തൽ എന്നീ തുടങ്ങിയ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി പ്രശനങ്ങൾ കണ്ടെത്തി തുറന്നുകാട്ടിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത്. മലയാളസിനിമ ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതോടൊപ്പംതന്നെ സിനിമയിലെ ചൂഷണങ്ങൾ അവസാനിക്കാൻ ഉതകുന്ന ചില നിർദ്ദേശങ്ങളും റിപ്പോർട്ടിലൂടെ അതിഗൗരവമായി ജസ്റ്റിസ് ഹേമ കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നുണ്ട്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിനിമ രംഗത്തെ പ്രമുഖർക്കെതിരെ നിരവധിപേർ ആരോപണങ്ങളുമായി രംഗത്തെത്തുന്നു. ലൈംഗിക ആക്രമണം, മനസികമായുള്ള പീഡനം, തൊഴിൽ നിഷേധം ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാണിച്ചത്. റിപ്പോർട്ടിലൂടെ പുറത്തുവന്ന വസ്തുതകൾ കേരളീയ സമൂഹത്തെയും മലയാള സിനിമ ആസ്വാദകരെയും അക്ഷരാർഥത്തിൽ ഞെട്ടിക്കുകയാണുണ്ടായത്.
ഇത്തരം പ്രവർത്തികൾ ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല എന്ന തിരിച്ചറിവോടെ മാധ്യമങ്ങളും കേരളം സമൂഹവും ഇരകളായിട്ടുള്ളവർക്കു ശക്തമായ പിന്തുണ നല്കാൻ തുടങ്ങി, തുടർന്ന് ഈ ചൂഷണങ്ങൾക്ക് ഇരകളായിട്ടുള്ളവർ തങ്ങളുടെ പരാതികൾ നിയമപരമായി തന്നെ നിയമത്തിന്റെ മുന്നിൽ എത്തിച്ചു. ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നിരവധി പ്രമുഖർ തങ്ങൾ അലക്കരിച്ചിരുന്ന സ്ഥാനമാനങ്ങൾ രാജി വച്ചൊഴിഞ്ഞു. ഒടുവിൽ താരങ്ങളുടെ സംഘടയായ അമ്മയുടെ നേതൃത്വം സംഘടനയുടെ നേതൃത്വത്തിൽ നിന്നവർ തന്നെ പിരിച്ചുവിടുകയും ഉണ്ടായി.
ഈ സാഹചര്യത്തിലും ഞാൻ ഒന്നും അറിഞ്ഞില്ല, എനിക്ക് ഒന്നും അറിയില്ല എന്ന ഭാവത്തോടെ സിനിമയിലെ മറ്റുപലരും ഒന്നും ഉരിയാടാതെ മൗനം പാലിക്കുന്നത് മലയാള സിനിമയുടെ തകർച്ചയ്ക്ക് കാരണമാകും എന്ന തിരിച്ചറിവോടെ ഒരു നല്ല മാറ്റത്തിനു തുടക്കം കുറിക്കാൻ എല്ലാ സിനിമ പ്രവർത്തകരും ഒറ്റകെട്ടായി ഇറങ്ങിത്തിരിക്കേണ്ടതുണ്ട്.
സിനിമ മേഖലയിൽ ഒരു വലിയ മാറ്റത്തിനു തുടക്കമിടാനായി കേരള സർക്കാർ സിനിമ നയം രൂപീകരിക്കുമെന്ന വാർത്ത വളരെയധികം ആശ്വാസകരമാണ്. മലയാള സിനിമയിൽ രൂപീകൃതമാകുന്ന പുതിയ സിനിമ നയം മറ്റു സംസ്ഥാനങ്ങളിലെ സിനിമ മേഖല ഉറ്റുനോക്കുന്നുണ്ട്. ഏവർക്കും പ്രതേകിച്ചു സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു തൊഴിലിടം പുതിയ സിനിമ നയത്തിലൂടെ മലയാള സിനിമയിൽ സൃഷ്ടിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.
കലാകാരന്മാരെ സമൂഹം എക്കാലവും ഉറ്റുനോക്കുന്നു എന്നും, അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നു എന്നുമുള്ള ബോധ്യം സിനിമ പ്രവർത്തകരായ കലാകാരന്മാർക്ക് ഉണ്ടാകണം. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പരിഷ്‌കൃത സമൂഹത്തിനു കളങ്കം ഉണ്ടാക്കുന്നവരാകരുതു. സ്ത്രീകൾക്ക് നിർഭയം അഭിമാനത്തോടെ സിനിമ മേഖലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം.
മലയാള സിനിമയിലെ കലാകാരന്മാരുടെ ചിന്തകളും പ്രവർത്തികളും എന്നും സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള ആസ്വാദന സിനിമകൾ ഉണ്ടാക്കാനാണ് ശ്രെമിക്കേണ്ടതെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകട്ടെയെന്നു ആഗ്രഹിക്കുന്നു. അങ്ങനെ മലയാള സിനിമയുടെ അകവും പുറവും ഭംഗിയുള്ളതാകട്ടെ...
ജോളിമസ് (ചലച്ചിത്ര സംവിധായകൻ)
Comments
No comments yet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.
മലയാളത്തിലെ ആദ്യ സിനിമ ന്യൂസ് & എന്റർടൈൻമെന്റ് ടി വി ചാനൽ