newsകൊച്ചി

എഴുത്തിന്റെ കുലപതി എം. ടി. വാസുദേവൻ നായർ(91) വിടവാങ്ങി

Webdesk
Published Dec 26, 2024|

SHARE THIS PAGE!
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.

നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1995 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹാനായി. 1996 ല്‍ ഓണററി ഡി-ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു. 2005 ലെ പത്മഭൂഷണ്‍ ലഭിച്ചു. 2005ല്‍ കേരള അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.   മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി.

എംടിയുടെ സിനിമാജീവിതം 
1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ,​ താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All