articleതിരുവനന്തപുരം

'മാതൃവാത്സല്യവും, മുതിർന്നൊരു സഹോദരിയുടെ കുസൃതിയുമായിരുന്നു ജാനകിയമ്മ'; ജന്മദിനാശംസയുമായി ജി. വേണുഗോപാൽ

webdesk
Published Apr 24, 2024|

SHARE THIS PAGE!
എസ്. ജാനകിയുടെ ജന്മദിനത്തിന് പിറന്നാൾ ആശംസയുമായി ഗായകൻ ജി. വേണുഗോപാൽ. ആകെ ഒരു തവണ മാത്രമേ ഒന്നിച്ചു പാടിയുള്ളൂ എന്നാലും മാതൃവാത്സല്യവും, മുതിർന്നൊരു സഹോദരിയുടെ കുസൃതിയുമായിരുന്നു തനിക്ക് ജാനകിയമ്മ എന്നാൽ. ‘ദുഃഖത്തിനും നഷ്ടത്തിനും പ്രണയത്തിനും വിരഹത്തിനുമൊക്കെയിടയ്ക്കൊരു പാതയുണ്ടെങ്കിൽ അവിടേയ്ക്കായിരിക്കും ഒരു പക്ഷേ ഈ പാട്ടുകളെന്നെ കൊണ്ടു ചെന്നെത്തിക്കുക’ എന്ന് ജാനകീ സംഗീതത്തെപ്പറ്റി വേണുഗോപാൽ. ഇൻസ്റ്റഗ്രാം പോസ്റ്റിലേക്ക്:
‘ഇന്ന് ജാനകിയമ്മയ്ക്ക് 86 വയസ്സ്! എൻ്റെ കുട്ടിക്കാലവും യൗവ്വനവും പട്ട് പോലുള്ള പാട്ടുകളാൽ പൊതിഞ്ഞ് ഒറ്റപ്പെടാതെനിക്ക് കൂട്ടിരുന്ന സ്വർഗ്ഗായകരിൽ ജാനകിയമ്മയ്ക്കും വയസ്സായിരിക്കുന്നു.
നേരിട്ട് കണ്ട്, റിക്കാർഡിംഗിന് ഒരുമിച്ച് പാടിയത് ഒരു പ്രാവശ്യം. ഗാനമേളയ്ക്ക് ഒപ്പം പാടാനായത് മൂന്ന് പ്രാവശ്യവും. മാതൃവാത്സല്യവും, മുതിർന്നൊരു സഹോദരിയുടെ കുസൃതിയുമായിരുന്നു ജാനകിയമ്മയ്ക്കെന്നും. അവരുടെ അഭിരാമപുരത്തെ പഴയ ബംഗ്ലാവിലും , ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള മനോഹരമായ പുതിയ വീട്ടിലും ഞാൻ പോയിട്ടുണ്ട്. ഗാനമേളയ്ക്കായ് ഒന്നിച്ചുള്ള യാത്രകളിൽ എനിക്കിഷ്ടമുള്ള എസ്. ജാനകിപ്പാട്ടുകളെല്ലാം അമ്മ ഒരക്ഷരം പോലും തെറ്റാതെ അന്ന് റിക്കാർഡ് ചെയ്ത അതേ ഭാവതീവ്രതയിൽ പാടിത്തന്നിട്ടുണ്ട്.


ജാനകിയമ്മയുടെ അറുപതകളിലും എഴുപതുകളിലും റിക്കാർഡ് ചെയ്ത ഗാനങ്ങൾക്കെന്നും നവയൗവ്വനം!
എൻ്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട രണ്ട് എസ് ജാനകി ഗാനങ്ങൾ ഇതാ…
“തേടുന്നതാരേയീ ശൂന്യതയിൽ ഈറൻ മിഴികളേ “
“ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടത്തെ … “
ഈ രണ്ട് പാട്ടുകളും എന്നിൽ നിറയ്ക്കുന്ന വികാരമെന്താണെന്നെനിക്ക് കൃത്യമായ് പറയാനാകുന്നില്ല. ദുഃഖത്തിനും നഷ്ടത്തിനും പ്രണയത്തിനും വിരഹത്തിനുമൊക്കെയിടയ്ക്കൊരു പാതയുണ്ടെങ്കിൽ അവിടേയ്ക്കായിരിക്കും ഒരു പക്ഷേ ഈ പാട്ടുകളെന്നെ കൊണ്ടു ചെന്നെത്തിക്കുക.
ഏതോ വിദൂരസ്മരണതൻ സങ്കട ദീർഘമാം പാതയിലൂടെ കാലം മുടങ്ങാതെ വന്നു പോകുന്ന ചില അതിസുന്ദരങ്ങളാം പക്ഷിജാലങ്ങളെപ്പോലെ ഈ പാട്ടുകൾ എന്നും എന്നെ പുൽകുന്നു.
നന്ദി, പ്രിയ ശബ്ദമേ …… ഹൃദയം നിറയെ സ്നേഹം മാത്രം’

Related Stories

Latest Update

Top News

News Videos See All