newsചെന്നൈ

തമിഴ് നടന്‍ പ്രദീപ് കെ വിജയന്‍ (45) അന്തരിച്ചു

Webdesk
Published Jun 13, 2024|

SHARE THIS PAGE!
തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ (45) അന്തരിച്ചു. ചെന്നൈ പലവാക്കത്തുള്ള വീട്ടില്‍ പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. തെ​ഗിഡ‍ി, ടെഡ്ഡി, ഇരുമ്പു തിരൈ, രുദ്രന്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്യ

പലവാക്കത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം ഇന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. നിരവധി തവണ ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് പൊലീസ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്ക് ഉണ്ടായിരുന്നു. മരണം രണ്ട് ദിവസം മുന്‍പ് സംഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായിരുന്നു പ്രദീപ് എന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുമുണ്ട്. 

കൃഷ്ണന്‍ ജയരാജ് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തെത്തിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അശോക് സെല്‍വന്‍ നായകനായി 2014 ല്‍ പുറത്തെത്തിയ തെ​ഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാഘവ ലോറന്‍സ് ചിത്രം രുദ്രനാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം. അഭിനയത്തിന് പുറമെ സിനിമകളിലെ സബ്ടൈറ്റിലിം​ഗും ചെയ്തിരുന്നു.

Related Stories

Latest Update

Top News

News Videos See All