articleതിരുവനന്തപുരം

ചിത്രകൂടത്തിൽ ശില്പങ്ങൾ വിരിയിക്കുന്ന പോതുപാറ മധുസൂദനൻ നായർ

റഹിം പനവൂർ (PH : 9946584007)
Published May 21, 2024|

SHARE THIS PAGE!
ഭക്തിയും വിശ്വാസവും മാനസ സങ്കല്പങ്ങളും ഒരുമിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട്  ഇരിഞ്ചയം താന്നിമൂട്ടിലുള്ള  ചിത്രകൂടം ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ. പോതുപാറ മധുസൂദനൻ  നായരുടെ നേതൃത്വത്തിൽ വിദഗ്ധരായ കല്‍പ്പണിക്കാരുടെ കരവിരുതിനാല്‍ മനോഹര ശിലാശില്പങ്ങളാണ് ഇവിടെ അണിഞ്ഞൊരുങ്ങുന്നത്. 
ഗണപതി, ശാസ്താവ്, മഹാവിഷ്ണു, ദേവി, മുരുകന്‍ എന്നിവരുടെയും  മഹാശിവലിംഗം, നാഗദേവതകള്‍, ദ്വാരപാലകര്‍, ദീപലക്ഷ്മികള്‍, ദേവവാഹനങ്ങളായ ഗരുഡന്‍, മൂഷികന്‍, നന്ദികേശന്‍ തുടങ്ങിയവയുടെയും  ശില്പങ്ങൾ    ഇവിടെ നിന്നും ലഭിക്കും. 


ക്ഷേത്ര ശില്പികളും തച്ചന്മാരും  കൊടുക്കുന്ന  അളവുകൾ  അനുസരിച്ച് ശില്പ ശാസ്ത്ര പ്രകാരം സത്യധര്‍മ്മങ്ങളെ ആധാരമാക്കി ഭക്തിയോടും വിശ്വാസത്തോടുംകൂടിയാണ് ഇവിടെ ശിൽപ്പങ്ങൾ  ഒരുക്കുന്നത്.  ഇരിഞ്ചയം പോതുപാറയില്‍ കൃഷ്ണപിള്ള - രത്നമ്മ ദമ്പതികളുടെ മൂത്ത പുത്രനായ മധുസൂദനന്‍നായര്‍ ബിരുദപഠനത്തിനോടൊപ്പമാണ് സൃഷ്ടിപരതയുടെ പുതുലോകം സ്വപ്നം കണ്ടു തുടങ്ങിയത്. കവിതയും  കഥയും നോവലും എഴുതുന്ന  ഇദ്ദേഹം മഴമേഘങ്ങള്‍ എന്ന പേരില്‍ ഒരു കവിതാ സമഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രകൃതി രമണീയമായ പാറകള്‍ നിറഞ്ഞ ഗ്രാമത്തിലായിരുന്നു ബാല്യം. ഓരോ പാറയിലും ഓരോരോ ശില്പങ്ങള്‍ ദര്‍ശിച്ച് മനസ്സില്‍ മെനയുന്ന ശീലം കുഞ്ഞുനാള്‍ മുതലേ ഉണ്ടായിരുന്നു.  ശില്പനിര്‍മ്മാണ രംഗത്ത് എത്തിച്ചേരാന്‍ പ്രേരകമായത് അതായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കൃഷ്ണശിലയിലാണ് ശില്പങ്ങള്‍ നിര്‍മ്മിക്കുന്നത്. നെടുമങ്ങാട് കരിമ്പിക്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രം ശിലയില്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു  15 വര്‍ഷം മുമ്പ് ക്ഷേത്രനിര്‍മ്മാണ രംഗത്ത് ചുവടുറപ്പിച്ചത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ നാഗത്തറ ശിലയില്‍ ചെയ്തു കൊണ്ടും കരിക്കകം ക്ഷേത്രത്തിന്‍റെ മുന്നിലെ കല്‍പ്പണികളും കരിമണ്‍കുളം ക്ഷേത്രം ശിലയില്‍ നിര്‍മ്മിച്ചതുമൊക്കെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു . തെക്കന്‍ കേരളത്തില്‍ ഒട്ടനേകം ക്ഷേത്രങ്ങള്‍ക്ക് കരിങ്കല്‍ തൂണുകളും പഞ്ചവര്‍ഗ്ഗങ്ങളും കരിങ്കല്‍ കട്ടിളകളും സോപാനങ്ങളും തീര്‍ത്ഥക്കല്ലുകളും പ്രതിഷ്ഠാ പീഠങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവയും  ചെയ്തു  കൊടുത്തിട്ടുണ്ട്. സത്യധര്‍മ്മങ്ങള്‍ നിലനിര്‍ത്തി ചെയ്യുന്ന പണികളുടെ മേന്മ കൊണ്ടാണ്  മുംബെയിലെ അയ്യപ്പക്ഷേത്രങ്ങള്‍ക്കും മറ്റും വിഗ്രഹങ്ങളും പീഠങ്ങളും കല്‍ത്തൂണുകളുമൊക്കെ കയറ്റി അയയ്ക്കാന്‍ കഴിഞ്ഞത്. 


വലിയ കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് പാറ മുറിച്ചെടുത്ത് ടൈല്‍സാക്കി പോളീഷ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രീയില്‍ നിന്നാണ് ക്ഷേത്ര നിര്‍മ്മാണത്തിലേക്കുള്ള ചുവടുകള്‍ വച്ചു തുടങ്ങിയത്. ഇതിന്‍റെ പിന്നിലൊരു താങ്ങായി ഭാര്യ ജയലക്ഷ്മിയുടെയും മക്കളായ അനന്ദു, നക്ഷത്ര എന്നിവരുടെയും പിന്തുണയുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിലേയ്ക്ക് 
എത്തിയപ്പോള്‍ അതിന്‍റെ വളര്‍ച്ചയുടെ പിന്നില്‍ തന്ത്രിമാരുടെയും തച്ചാരുടെയും  ക്ഷേത്രശില്പികളുടെയും ജ്യോതിഷികളുടെയും ക്ഷേത്ര കമ്മിറ്റിക്കാരുടെയും പിന്തുണയും സഹകരണവും സ്നേഹവുമൊക്കെ മറക്കാന്‍ കഴിയുന്നതല്ലെന്നും മധുസൂദനനന്‍ പറയുന്നു. കരവിരുതിന്റെ ഇന്ദ്രജാലം തീർക്കുന്ന മധുസൂദനൻ  നായരെ തേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. അവയിൽ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് ഹെറിറ്റേജ് ട്രസ്റ്റ്‌ നൽകിയ പുരസ്‌കാരം ഏറെ വിലപ്പെട്ടതാണെന്നും ശില്പി സാക്ഷ്യപ്പെടുത്തെന്നു.   

മധുസൂദനൻ നായരുടെ
ഫോൺ നമ്പർ :9495556585


റഹിം പനവൂർ 
ഫോൺ : 9946584007

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All