കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ചലച്ചിത്ര നിർമാതാവ്, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ, ദൃശ്യ മാധ്യമ ഉടമസ്ഥൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന പി.ഭാസ്കരൻ മലയാളം കണ്ട പ്രമുഖ കവി, മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലിയായ ഗാനരചയിതാവ്, മലയാള ചലച്ചിത്രലോകത്ത് അവിസ്മരണീയ ചലനങ്ങൾ സൃഷ്ടിച്ച സംവിധായകൻ എന്നിങ്ങനെ വാഴ്ത്തപ്പെടുകായും ഓർമിക്കപ്പെടുകായും ചെയ്യുന്നു. കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ കൈയൊപ്പ് ചാര്‍ത്തി.
ലളിതസുന്ദരവും കാവ്യാത്മമായിരുന്നു ആ എഴുത്തുശൈലി. കവിതയിലൂടെയും ഗാനങ്ങളിലൂടെയും മലയാളിക്ക് മറക്കാനാവാത്ത മനോഹരമായൊരു ലോകം അദ്ദേഹം തുറന്നു തന്നു. പി.ഭാസ്‌കരനെഴുതിയ എണ്ണിയാലൊടുങ്ങാത്ത പാട്ടുകളുടെ മധുരം ഇപ്പോഴും മലയാളികളുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
മലയാളികളുടെ ആധുനികവും ജനകീയവുമായ സ്വത്വത്തെ രൂപീകരിച്ച പ്രതിഭകളിലൊരാളായിരുന്നു പി.ഭാസ്കരൻ .കേരളീയ സാമൂഹ്യജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും പ്രതിഫലിച്ച ഒരു പരിവർത്തനമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലുണ്ടായ പുതിയ മലയാളിത്വ രൂപീകരണം . ഭാസ്കരൻ തന്റെ കവിതയും ഗാനങ്ങളും ചലച്ചിത്രങ്ങളും കൊണ്ട് ആ രൂപീകരണത്തെ ആഴത്തിൽ സ്വാധീനിച്ചു .
വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അംഗവുമാ യി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരംതിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏകദേശം 250 സിനിമകൾക്കായി 3000-ലധികം ഗാനങ്ങൾ അദ്ദേഹം എഴുതി. 44 മലയാളം ഫീച്ചർ ഫിലിമുകളും 3 ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്യുകയും 6 ഫീച്ചർ ഫിലിമുകൾ നിർമ്മിക്കുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
രാമു കാര്യാട്ടും പി.ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത് നീലക്കുയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള സിനിമയെന്ന കീര്‍ത്തി സ്വന്തമാക്കി. ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന ആത്മകഥാകാവ്യത്തിന് ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. മികച്ച ഗാനരചനയ്ക്ക് മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്. സമഗ്രസംഭാവനയക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ശ്രീ.പി.ഭാസ്‌കരൻ മലയാളത്തിന്ന ൽകിയ സംഭാവനകൾ പരിശോധിച്ചാൽ, സാഹിത്യത്തെയും സംഗീതത്തെയും ചലച്ചിത്രലോകവുമായി ബന്ധിപ്പിക്കാൻ അദ്ദേഹം നടത്തിയ തീക്ഷ്ണമായ പരിശ്രമങ്ങൾ എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയും. "ഞാൻ വിശ്വസിച്ച തത്വങ്ങളിൽ ഞാൻ വിശ്വസ്തനായിരുന്നു, എന്റെ സിനിമകൾക്ക് ഒരു സാമൂഹിക ഉള്ളടക്കവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. അവയെല്ലാം യാഥാർത്ഥ്യത്തിൽ വേരൂന്നിയതാണ്" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ തികച്ചും വാസ്തവമാണ്.
ചങ്ങമ്പുഴക്ക് ശേഷം മലയാള കവിതയെ ജനഹൃയത്തോടടുപ്പിച്ച കവികളിൽ പ്രമുഖനാണ് പി.ഭാസ്കരൻ. തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം.
അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ തളക്കപ്പെട്ട, ജീവിത ദുഖങ്ങളാൽ പൊറുതിമുട്ടിയ, അശരണരും ആലംബ ഹീനരും nഅരികുവത്കരിക്കപ്പെട്ടവരുമായ സാധാരണ മനുഷ്യരുടെ ആവേശോജ്വലമായ ഉയിർത്തെഴുന്നേല്പിന്റെയും മോഹനസ്വപ്നങ്ങളുടെയും പ്രതിബിംബമായിരുന്നു പി.ഭാസ്കരന്റെ കവിതകൾ. മണ്ണിൽ മടയ്ക്കുന്ന അഭിശബ്ദ മനുഷ്യ ജന്മങ്ങളുടെ ദൈന്യതയിൽ അമർഷം കൊള്ളുന്ന ദീപ്തമുഖം ആദ്യ കാലങ്ങളിൽ ആ കവിതയിൽ ജ്വലിച്ചു നിന്നു.
"വില്ലാളിയാണുഞാൻ ജീവിതസൗന്ദര്യ വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം " എന്നറിയിച്ചുകൊണ്ട് കവിത വീണവായനയല്ല, സമരപരിപാടിയാണെന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്ത ഏറ്റവും ഊർജ്ജസ്വലമായ രണാങ്കണ കവിതകളിലൂടെ അദ്ദേഹം ഇക്കാലത്ത് ശ്രദ്ധേയനായി. വിപ്ലവകവിതയുടെ രൂപഭാവങ്ങൾ നിർണ്ണയിക്കുന്നതിൽ പി.ഭാസ്കരൻ നൽകിയിടത്തോളം ഇന്ധനം ആരും നൽകിയിട്ടില്ല. ഊർജ്ജസ്വലമായ ഉത്സാഹത്തിന്റെയും ശപഥത്തിന്റെയും വെല്ലുവിളിയുടെയും ഗർജ്ജനമായിരുന്നു "വയലാർ ഗർജ്ജിക്കുന്നു " . എണ്ണമറ്റ സ്വന്തം മക്കളുടെ ജഡം എറ്റു വാങ്ങേണ്ടി വന്ന ഒരു ഗ്രാമത്തിന്റെ ഗാന്ധാരീവിലാപമായി കരുതപ്പെട്ട ഈ കൃതി അടിച്ചമർത്തി നിശ്ശബ്ദരാക്കപ്പെട്ട ഒരു സമൂഹത്തിന്റെ നാവും നാദവുമായി മാറി.നമ്മുടെ രാഷ്ട്രീയ കവിതയുടെ ആദ്യത്തേതും ഒരളവിൽ കുറ്റമറ്റതുമായ മാതൃകയാണത്.
"ഉയരും ഞാൻ നാടാകെപ്പടരും ഞാൻ, ഒരു പുത്ത-
നുയിർ നാട്ടിനെകിക്കൊണ്ടിയറും വീണ്ടും" എന്ന് പാടിക്കൊണ്ട് വയലാർ സമരത്തിന്റെ ജ്വാല പുത്തൻ തലമുറകൾ മനസ്സിലാക്കും വിധം അദ്ദേഹം ചിത്രീകരിച്ചു .
"ഓടക്കുഴലും ലാത്തിയും", വില്ലാളി, ഉത്തരമില്ലാത്ത ചോദ്യം, കർഷകഗാനം, പ്രേതങ്ങളുടെ പാട്ട്,ഗൂർക്കയും സേട്ടുവും, പല്ലക്ക് ചുമക്കുന്നവർ , പന്തയം, ആമിന, ഉണ്ണിക്കുട്ടൻ, കേരളീയർക്കൊരു തുറന്ന കത്ത്, രണ്ടു കണ്ണുകളുടെ കഥ, ഒരു ഗ്രാമീണ ഗാനം , തെരുവിലെ നിമിഷങ്ങൾ,പുതിയ തലമുറ, ആവി വണ്ടി എന്നിവ ഈ കാലഘട്ടത്തിലെ വിപ്ലവ സൃഷ്ടികളാണ്.
നഖശിഖാന്തം വികാരശീലനായ കവിയാണെന്നു പ്രഖ്യാപിക്കുന്നവയാണ് ഭാസ്കരൻ കവിതകളുടെ രണ്ടാം ഘട്ടം. സ്വന്തം ആത്മാവിനെ ആവിഷ്കരിക്കാനും നമ്മുടെ ഹൃദയത്തെ ആഴത്തിൽ പതിക്കുംവിധം നിറകണ്ണുകൾ സൃഷ്ടിക്കാനും ഈ കവിതകളെ അദ്ദേഹം പ്രാപ്തമാക്കി. ഉത്കണ്ഠജനകമാം വിധം പാതി ചാരിയ വാതിലുകളോട് കൂടിയ കൊത്തളത്തിൽ നിന്ന് കേൾക്കുന്ന ഒരു സ്ത്രീയുടെ ഏകാന്തശോകമായ ഗാനം പോലെയോ, ഒരു എഴുതാണിത്തലപ്പു പോലെ ഹൃദയത്തിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്ന രോദനം പോലെയോ നമ്മെ വിധുരമാക്കുന്നവയായിരുന്നു മിക്ക കവിതകളും. ദൃശ്യങ്ങളുടെ മനോജ്ഞത ഹൃദയസ്രോതസ്സിൽ സൂക്ഷിക്കുന്ന സംഗതവും ചിത്രവും കൂടിക്കുഴയുന്ന അന്തരീക്ഷത്തിൽ ജീവിക്കുന്ന നന്മയുടെ തേരാളിയാണ് ഇവിടെ നിറഞ്ഞുനിൽക്കുന്നത്. ശോകസ്ഥായിത്വം, സംഗീതാത്മകത്വം, ആകസ്മികത, നൈമിഷികമായ വികാര തീവ്രത, ലളിതവികാരങ്ങളോടുള്ള അതിര് കടന്ന മമത, അന്ധക്രിയാത്മകത്വം,അന്തരീക്ഷത്തെ ധ്വനിപ്പിക്കാനുള്ള മിടുക്ക്, നാടകീയമായ ചിത്രീകരണത്തിനുള്ള സാമർഥ്യം എന്നീ സവിശേഷതകൾ ഭാസ്കരന്റെ കവിതകളുടെ പ്രത്യേകതയാണെന്നു ഉറൂബ് പറയുന്നത് എത്രയോ ശരിയാണ്.
ഈ കാലയളവിൽ പ്രേമം, ജീവിതകാമന , ത്യാഗ സൗന്ദര്യം എന്നിവ കവിയുടെ കാവ്യപ്രമേയങ്ങളായി തീർന്നു. തന്റെ കവിതകളുടെ ശക്തികേന്ദ്രമായ ഗാനാത്മകതയിൽ നിന്നുറന്നൊഴുകുന്ന സ്രോതസ്സുകൾകൊണ്ട് കേരളീയ ആസ്വാദകഹൃദയതടങ്ങളെ ആർദ്രമാക്കുന്ന ഒട്ടേറെ രചനകൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു.ഈ രചനകളിൽ അടരാടിയിട്ടുംനേടേണ്ടത് നേടിയെന്ന ധന്യത കൈവരാത്ത ഭഗ്നവ്യാമോഹത്തിന്റെ കർത്തവ്യ സമസ്യകൾ കാണാൻ കഴിയും. കാല്പനികഭാവങ്ങൾ വ്യത്യസ്തമായ വ്യക്തിമഹിമയോടെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും പ്രതീകാത്മകവും അല്ലാതെയുമുള്ള സ്വാഭാവികമായ ആത്മാലാപങ്ങളുടെ ആവിഷ്കാരങ്ങളും ഈ കാലഘട്ടത്തിലെ മിക്ക കവിതകളുടെയും പ്രത്യേകതകളാണ്. ഓർക്കുക വല്ലപ്പോഴും, സത്രത്തിൽ ഒരു രാത്രി, തിരിച്ചു വരവ്, കവി ഖബറിനുള്ളിൽ, പാടുന്ന മണ്തരികൾ, കണ്ണീരിന്റെ കഥകൾ, രണ്ടു രക്തസാക്ഷികൾ , അമലേ നീ വന്നപ്പോൾ, പെണ്ണു കാണൽ ,അത്ഭുത നാഗത്തിന്റെ കഥ, മുല്ലപ്പൂക്കളും കല്ലുകളും, ഒറ്റക്കമ്പിയുള്ള തംബുരു, പുഴ പിന്നെയുമൊഴുകുന്നു, വിട്ടയക്കില്ല എന്നിവ ഈ ഘട്ടത്തിൽ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു.
പ്രണയ പ്രകാശത്തിന്റെ സപ്തവർണശോഭയിൽ "മൗനത്തിന്റെ നേർത്ത പട്ടുനൂൽ ചിതറുന്ന " വാക്കുകളാൽ പ്രിയസഖിക്ക് യാത്രാമൊഴിയോതുന്ന കാമുകന്റെ ചിത്രം വരച്ചുവെക്കുന്ന " ഓർക്കുക വല്ലപ്പോഴും " എന്ന കവിത മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയ കവിതകളിൽ ഒന്നാണ് . ശോകാത്മകതക്ക് അനുപമമായ ശുഭ്രതയും പ്രശാന്തതയും നൈർമല്യവും ആവോളം പകർന്നുകൊണ്ട് ആത്മാവിൽ നിലക്കാതെ ഒഴുകുന്ന സംഗീതമായി ആ കവിത മാറി.
" മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം
മറക്കാൻ പഠിച്ചതു നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരു നാളും
വസന്തം വസുധയിൽ വന്നിരുന്നില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ വ്രണിതപ്രതീക്ഷയാൽ
മർത്ത്യനിപ്പദം രണ്ടും " ഓർക്കുക വല്ലപ്പോഴും"
നിഷ്‌ഫലം, നിരാലംബം, നിരർത്ഥം മറവിതൻ
പുഷ്പവീഥിയിൽ രണ്ടു മുള്ളു പാവുന്നൂ മൂഢൻ " ഇന്നും നഷ്ടപ്രണയികളുടെ ഇഷ്ടവരികൾ ഇവ തന്നെ.
"ഊടുവഴികളും, മൈതാനങ്ങളും,മരുഭൂമികളും, ശ്യാമതീരങ്ങളും ഉൾപ്പെട്ട ഒരു പന്ഥാവിലൂടെയാണ് എന്റെ സുദീർഘമായ കാവ്യജീവിതയാത്ര ഉണ്ടായിട്ടുള്ളത്. ഇടക്കിടക്ക് വഴി തെറ്റിപ്പോയിട്ടുണ്ട്. ഇടയ്ക്കു വേലിക്കെട്ടുകളും മതിൽക്കെട്ടുകളും കണ്ട് വഴി മാറിപ്പോയിട്ടുണ്ട് . ഇടയ്ക്കു പാതയരികിലെ മരച്ചോട്ടിൽ വെറുതെ മൂളിപ്പാട്ട് പാടിക്കിടന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും സമൂഹത്തിലെ അധഃസ്ഥിത ജനസമൂഹത്തോട് തോളോട് തോൾ ചേർന്നുകൊണ്ടാണ് ഞാനെപ്പോഴും യാത്ര ചെയ്തിട്ടുള്ളത്. ഇപ്പോഴും അവരുടെ നാടുവിൽത്തന്നെയാണ് ഞാൻ. എങ്കിലും ദീർഘനിദ്രകൾക്കുശേഷവും കാവ്യാംഗന എന്നെ വിളിച്ചുണർത്തുന്നു." സ്വന്തം കവിതയെ കുറിച്ച് പി.ഭാസ്കരന്റെ പ്രതികരണം ഇത് മാത്രമാണ്.
പി.ഭാസ്കരൻ എന്ന കവിയുടെ മറ്റൊരു മുഖം നാം കണ്ടത് ജീവിതത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങളെ സംഗീത സാന്ദ്രമാക്കിയ അദ്ദേഹത്തിന്റെ ചലച്ചിത്ര ഗാനങ്ങളിലൂടെയായിരുന്നു. മലയാള ഗാനസാഹിത്യത്തെ ഹിന്ദിയുടെയും തമിഴിന്റെയും പിടിയിൽനിന്നു മോചിപ്പിച്ചെടുത്ത ആദ്യത്തെ ആചാര്യനാണ് പി. ഭാസ്കരൻ. ഗൃഹാതുരത്വത്തിന്റെ ഉൾപ്പുളകങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറയെ പൂവണിഞ്ഞു നിന്നു . നാടൻ ശീലുകളുടെ അനുപമലാളിത്യവും നാടൻ പദങ്ങളുടെയും പഴമൊഴികളുടെയും മധുരിമയും അതിലാകെ നിറയുന്ന സംഗീതവും മലയാളത്തിന് ഒരു പുത്തൻ അനുഭവം പകർന്നു. മലയാള ഗാനശാഖയുടെ പിതാവ് എന്ന് അദ്ദേഹം വാഴ്ത്തപ്പെട്ടത് നാടൻ മൊഴികളുടെ തേൻ തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളാൽ കേരളീയ മനസ്സുകളിൽ ഹര്ഷകുതൂഹലങ്ങളുടെ അമൃതം നിറച്ചുവെച്ചതിനാലാണ്. മനുഷ്യ ഹൃദയത്തിൽ ഭാവാത്മകമായ കൊച്ചു കൊച്ചു ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കുന്ന, വികാരങ്ങൾക്ക് ചിറകുകൾ നല്കൂന്ന അദ്ദേഹത്തിന്റെ കാവ്യാത്മകത ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. . സഹൃദയരുടെ മനസ്സിലും പാട്ടിലും നിലാവിന്റെ ഭംഗിയും കുളിർമയും നിറച്ചുകൊണ്ടാണ് അദ്ദേഹം കടന്നു വന്നത്..മലയാളിയുടെ ജീവിതസ്വത്വവും പരിസരവും നിറഞ്ഞിരിക്കുന്ന രചനകളിൽ പ്രണയഗാനങ്ങൾ, വിരഹഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ,നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ക്രിസ്ത്യൻ ഗീതങ്ങൾ, ഭക്തി ഗാനങ്ങൾ എന്നിങ്ങനെ വൈവിധ്യത്തിന്റെ വിപുലമായ വികാരലോകം അനാവരണം ചെയ്യുന്നു.ചലച്ചിത്രഗാനങ്ങളിലൂടെ പി.ഭാസ്കരൻ വിവിധ സംസ്കാരങ്ങളുടെ സമന്വയം സൃഷ്ടിച്ചു .
നാട്ടിൽ ദുരിതം പെരുകിയ അമ്പതുകളിൽ യൗവനത്തിന്റെ പൊതു സ്വഭാവം മനസ്സിൽ നൈരാശ്യവും നീറ്റലും തിരസ്കാരവും,നിത്യവിരഹവും പരാജിതനാണെന്ന കുറ്റബോധവും വയറ്റിൽ വിശപ്പും ആയിരുന്നു. അതിനാൽ എല്ലാ പ്രണയവും വിലാപത്തിന്റെ അനുഭവമായി മാറി. മറുകര കാണാതെ മുങ്ങിമരിക്കുന്നത് ഹൃദയബന്ധങ്ങൾ. ചരട് പൊട്ടിയ അല്ലെങ്കിൽ കൈവിട്ടു പോയ പട്ടമായി. പ്രേമബന്ധങ്ങളെല്ലാം തലകുത്തി വീഴുകയോ അനന്തതയിലേക്ക് പറന്നു പോവുകയോ ചെയ്തു . ഇങ്ങനെ പരാജിതനായ, പ്രതീക്ഷ നഷ്ടപ്പെട്ട മലയാളിയുടെ പൊതുവികാരത്തോട് തന്മയീഭവിച്ചുകൊണ്ട് നിസ്സഹായരായ ജനതയുടെ ഭാവം പി.ഭാസ്കരൻ ഗാനങ്ങളിൽ വിരചിച്ചു .
"നാടൻ മൊഴികളുടെ തേനും വയമ്പും മാപ്പിളപ്പാട്ടിന്റെ പുതിയ മധുരവും ചേർത്ത് പി.ഭാസ്കരൻ സൃഷ്ടിച്ച അനശ്വരമായ ഗാനവസന്തം ഇന്നും മലയാളിയുടെ നാത്തുമ്പിലും ഓർമയിലും മായാത്ത സുഗന്ധമായി നിൽക്കുന്നു" എന്ന് ഒ .എൻ.വിയും, "ആകുലതകളുടെ അലമാലകളിൽ ഇളകിമറിഞ്ഞിരുന്ന എന്റെ കൗമാരമനസ്സിന് അഭയം നൽകിയ സാന്ത്വനസംഗീതമാണ് പി.ഭാസ്കരൻ " എന്ന് ശ്രീകുമാരൻ തമ്പിയും , "രമണൻ കാലത്തിനുശേഷം മലയാളിയെ മോഹിപ്പിച്ച് കേരളീയ പ്രകൃതിയിൽ പാടിപ്പറന്നത് പി. ഭാസ്കരന്റെ നീലക്കുയിലുകളായിരുന്നു. കവിതയിൽനിന്ന് വേറിട്ട പാട്ട്, എന്നാൽ അത് കവിതയുടെ അനുഭവവുമാണ് എന്ന് ഞാൻ ശീലിച്ചത് ഭാസ്കരൻമാഷുടെ എത്രയോ പാട്ടുകളിൽനിന്നാണ്." എന്ന് വി. ആർ. സുധീഷും ,"ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമാഗാനം ‘കാട്ടിലെ പാഴ് മുളംതണ്ടിൽനിന്നും’ തന്നെയാണ്. പി. ഭാസ്കരൻമാഷുടെ വരികൾ ആ കാലഘട്ടത്തിലെ മലയാളിയുടെ പ്രണയത്തെ ആവാഹിച്ചെടുത്തതാണ്. നവോത്ഥാനത്തിനുശേഷമുള്ള കേരളീയസമൂഹത്തിലെ കാല്പനിക വസന്തത്തിന്റെ ലഹരിയിൽ വെറുമൊരു പാഴ്മുളംതണ്ടിൽനിന്ന് പാട്ടിന്റെ പാലാഴിയാണ് മാഷ് തീർക്കുന്നത്." എന്ന് ടി. ഡി. രാമകൃഷ്‌ണനും, "പി. ഭാസ്കരന്റെ രചനകളിൽ മലയാളിത്തത്തിന്റെ ലാളിത്യവും മഹത്ത്വവും ആഘോഷിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം മനുഷ്യത്വത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ചൂടും ചൂരും പകരുന്നതാണ് അദ്ദേഹത്തിന്റെ വരികൾ. ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണ് എന്ന വസ്തുതയെ സ്ഥാപിക്കുകയായിരുന്നു അദ്ദേഹം" എന്ന് അബ്ദുസ്സമദ് സമദാനിയും നടത്തിയ പ്രസ്താവനകൾ ഓരോ മലയാളിയുടെയും അഭിപ്രായങ്ങളാണ്.
പി. ഭാസ്കരന്റെ ഗാനങ്ങളെക്കുറിച്ച് ശ്രീ.എം.ഡി.മനോജ് പറഞ്ഞതിനോട് നാമെല്ലാം പൂർണമായും യോജിക്കും. "മലയാളിയുടെ സൗന്ദര്യ ജീവിതത്തിൽ വന്നുഭവിച്ച പാട്ടിന്റെ വസന്തകാലമാണ് പി. ഭാസ്കരൻ. പ്രപഞ്ചജീവിതത്തിന്റെ വൈവിധ്യങ്ങൾ അദ്ദേഹത്തിന്റെ പാട്ടുകളിൽ അളവറ്റ രീതിയിലുണ്ടായിരുന്നു. അവിടെ കണ്ണീരും സ്വപ്നങ്ങളും ഏകാന്തതയുമെല്ലാം ഒരുപോലെ നിറഞ്ഞുനിന്നു. അവിടെ വൈകാരികതയുടെ പര്യായമായി നിറങ്ങളുടെ ഒരു വാങ്മയ വിപിനം വലിയൊരു ഭൂപടമായി നിവരുന്നു. പഥികനും പാട്ടുകാരനും ഏകാന്തകാമുകനും എല്ലാം ആ ഗാനങ്ങളിൽ നിരന്തരം കടന്നുവന്നു. പാട്ടിലെ വർണഭേദങ്ങൾ, വിഭിന്ന ഋതുക്കൾ എന്നിവ നിറങ്ങളുടെ മറ്റൊരു സ്വരസ്ഥായിയിലേക്ക് കവിയുടെ ആത്മതന്ത്രികൾ മീട്ടാൻ തുടങ്ങുന്നതിന്റെ മഥുരശ്രുതികൾ നാമറിയുന്നു.
നിറങ്ങളുടെ നാദസൗന്ദര്യ പ്രപഞ്ചത്തിലേക്ക് നമ്മുടെ വികാര ഹർഷങ്ങളെ ആവിഷ്‍കരിക്കുന്ന വിലോല കാൽപനികതയെയാണ് ഭാസ്കരൻ മാഷ് പാട്ടിലാക്കിയത്. കാവ്യസൗന്ദര്യത്തിന്റെ തലങ്ങളിൽനിന്ന് പ്രമേയതലങ്ങളിലേക്കുള്ള സൗന്ദര്യപരിണാമത്തിൽ ഈ വർണരാജികൾ സമ്മോഹനതകൾ പകരുന്നു. വികാരങ്ങളുടെ അനുസ്മൃതിയും അസാധാരണ വിടർച്ചകളും നിറങ്ങളുടെ ഈ ജാഗ്രത്തായ സർഗസ്ഥലത്തിൽ കാണാം. നിറങ്ങളെ അവയുടെ സൂക്ഷ്മതലത്തിൽ സ്വാംശീകരിച്ച പാട്ടുകളാണിവ. പ്രത്യക്ഷത്തിൽനിന്ന് പരോക്ഷത്തിലേക്കും നേരെ തിരിച്ചും ബാഹ്യത്തിൽനിന്ന് ആന്തരത്തിലേക്കും ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും നേരെ തിരിച്ചുമൊക്കെ ലയിക്കുന്ന നിറങ്ങളുടെ കൽപനകൾ ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ പ്രകടമാണ്. ക്ഷണികതയുടെ വാങ്മയമായി മാറുന്ന മഴിവില്ലായിരുന്നു നിറത്തിനാധാരം. മഴവില്ലിനോടൊപ്പം മയിൽപീലിയും നിറങ്ങളുടെ കാൽപനികാടയാളങ്ങളായി."
സഹൃദയർ മുഴുവൻ നെഞ്ചോട് ചേർത്ത ആ സംഗീത സപര്യയിൽ ദക്ഷിണാമൂർത്തി, എസ് .എം.എസ് .നായിഡു , വിമൽ കുമാർ, കെ.രാഘവൻ, എം.എസ് .ബാബുരാജ്, വിശ്വനാഥൻ- രാമമൂർത്തി, പി.എസ് .ദിവാകർ, എൽ.പി.ആർ. വർമ്മ, ബ്രദർ ലക്ഷ്മൺ, എം.ബി.ശ്രീനിവാസൻ,ജി.ദേവർജൻ, പുകഴേന്തി, ജോബ്, ബി.എ.ചിദംബരനാഥ്, വിജയഭാസ്കർ, പ്രതീപ് സിംഗ് , വിജയഭാസ്കർ, ജി.കെ.വെങ്കിടേഷ്, എ.ടി.ഉമ്മർ, ജയവിജയ, ഉഷ ഖന്ന, എം.കെ.അർജുനൻ, ദലാൽ സെൻ, ആർ.കെ.ശേഖർ, കെ.കെ.ആന്റണി, ലക്ഷ്മികാന്ത് പ്യാരേലാൽ, ശ്യാം, സലിൽ ചൗധുരി, കണ്ണൂർ രാജൻ, ശങ്കർ ഗണേഷ്, എം.എസ് .വിശ്വനാഥൻ, ജിതിൻ ശ്യാം, ജെറി അമൽദേവ്, കെ.വി.മഹാദേവൻ, ജോൺസൻ,കെ.ജെ.ജോയ്, വിദ്യാധരൻ, രവീന്ദ്രൻ,രാജൻ നാഗേന്ദ്ര, ഔസേപ്പച്ചൻ, ദർശൻ രാമൻ, മോഹൻ സിതാര എന്നീ സംഗീത സംവിധായകന്മാരുമായി കൈകോർത്തുകൊണ്ടാണ് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സൃഷ്ടിച്ചത്. കെ.രാഘവൻ, ബാബുരാജ്, ദേവരാജൻ എന്നിവരായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സംഗീതമേകിയതും ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ചതും.
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് പി ഭാസ്‌കരന്റെ ഓരോ പാട്ടും.
"പദം പദമുറച്ചു നാം പാടിപ്പടിപ്പോവുക
പാരിലൈക്യ കേരളത്തിൻ കാഹളം മുഴക്കുവാൻ " എന്ന ഐക്യ കേരള ഗാനം ജനതയിൽ പ്രവേശിച്ച് ചരിത്രത്തിന്റെ ചാലുകൾ ഉണ്ടാക്കിയ കുട്ടികൾ പോലും പാടിനടന്ന പടപ്പാട്ടുകളിൽ ഒന്നാണ്.
തങ്കക്കിനാക്കൾ ഹൃദയേ വീശും (നവലോകം), താരകം ഇരുളിൽ മറയുകയോ ( തിരമാല). എങ്ങനെ നീ മറക്കും, കായലരികത്ത്, എല്ലാരും ചൊല്ലണ് (നീലക്കുയിൽ), നാഴൂരിപ്പാല് കൊണ്ട്(രാരിച്ചാണ് എന്ന പൗരൻ ), കത്ത് സൂക്ഷിച്ചൊരു (നായര് പിടിച്ച പുലിവാല് ), താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം, വസന്തപഞ്ചമി നാളിൽ, പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു ( ഭാർഗ്ഗവീ നിലയം), മന്ദമന്ദം നിദ്ര വന്നെൻ (ചെകുത്താന്റെ കോട്ട),ഗോപുരകിളിവാതിലിൽ ( വില കുറഞ്ഞ മനുഷ്യർ), പ്രാണ സഖി, ഒരുപുഷ്പം മാത്രമെൻ (പരീക്ഷ), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), അല്ലിയാമ്പൽ കടവിൽ (റോസി) , താമരക്കൂമ്പിളല്ലോ, ഇന്നലെ മയങ്ങുമ്പോൾ (അന്വേഷിച്ചു കണ്ടെത്തിയില്ല), കരിമുകിൽ കാട്ടിലെ, മാനത്തെ കായലിൻ (കള്ളിച്ചെല്ലമ്മ), ഉണരുണരൂ (അമ്മയെ കാണാൻ ), കരയുന്നോ പുഴ ചിരിക്കുന്നോ (മുറപ്പെണ്ണ് ), നഗരം നഗരം മഹാസാഗരം, മഞ്ഞണിപ്പൂനിലാവ് (നഗരമേ നന്ദി), മഞ്ഞലയിൽ മുങ്ങിത്തോർത്തി (കളിത്തോഴൻ), നിദ്ര തൻ നീരാഴി, പകൽക്കിനാവിൻ (പകൽക്കിനാവ്), അഞ്ജനക്കണ്ണെഴുതീ (തച്ചോളി ഒതേനൻ), കുങ്കുമപ്പൂവുകൾ പൂത്തു (കായംകുളം കൊച്ചുണ്ണി), കദളിവാഴ കയ്യിലിരുന്ന് (ഉമ്മ), ഒറ്റക്കണ്ണിട്ടു നോക്കും കാക്കേ, നീയല്ലാതാരുണ്ട് (നീലി സാലി), കിഴക്കു ദിക്കിലെ ചെന്തെങ്ങിൻ , പതിവായി പൗര്ണമിനാളിൽ, ഭാരതമെന്നാൽ (ആദ്യകിരണങ്ങൾ), മാമലകൾക്കപ്പുറത്ത്, അനുരാഗ നാടകത്തിൻ (നിണമണിഞ്ഞ കാല്പാടുകൾ ), നാദബ്രമ്ഹത്തിൻ സാഗരം, മാറോടണച്ചു ഞാൻ, അറിയുന്നില്ല ഭവാൻ (കാട്ടുകുരങ്ങു), സ്വർഗ്ഗ ഗായികേ, എന്റെ വീണക്കമ്പിയെല്ലാം, പുലരാറായപ്പോൾ , ഓരോ തുള്ളി ചോരയിൽ നിന്നും (മൂലധനം), വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ (മൂന്നു പൂക്കൾ), മണിമാരൻ തന്നത്, ഇടക്കൊന്നു ചിരിച്ചും ( ഓളവും തീരവും), നാളികേരത്തിന്റെ നാട്ടിൽ,പർവണേന്ദുവിന് ദേഹമടക്കി (തുറക്കാത്ത വാതിൽ), നീ മധു പകരൂ, ഉണരൂ വേഗം നീ (മൂടൽമഞ്ഞ്), ഹർഷബാഷ്പം തൂകി (മുത്തശ്ശി), ഏകാന്ത പഥികൻ ഞാൻ (ഉമ്മാച്ചു),അപരസുന്ദര നീലാകാശം, ഗോപുര മുകളിൽ വസന്തചന്ദ്രൻ (വിത്തുകൾ),വൃശ്ചിക രാത്രി തൻ (ആഭിജാത്യം), എന്റെ സ്വപ്നത്തിന് താമര പൊയ്കയിൽ (അച്ചാണി), വൃശ്ചികപ്പൂനിലാവെ (തച്ചോളി മരുമകൻ ചന്തു ), പൂർണേന്ദു മുഖിയോട് (കുരുക്ഷേത്രം), തളിരിട്ട കിനാക്കൾ തൻ (മൂടുപടം), ഹൃദയമുരുകി നീ (കറുത്ത പൗർണമി), പുലയനാർ മണിയമ്മ (പ്രസാദം), ഇന്നെനിക്ക് പൊട്ടുകുത്താൻ, ഉഷാകിരണങ്ങൾ, സുന്ദരസ്വപ്നമേ (ഗുരുവായൂർ കേശവൻ), ഇളവന്നൂർ മഠത്തിലെ (കടത്തനാട്ട് മാക്കം ), കലാപത്തിൽ മുങ്ങിവരും (അയോദ്ധ്യ), ഇന്നലെ നീയൊരു (സ്ത്രീ), പുലർകാല സുന്ദര സ്വപ്നത്തിൽ (ഒരു മേയ് മാസപ്പുലരിയിൽ), വിണ്ണിന്റെ വിരിമാറിൽ (അഷ്ടപദി), നീലമലപ്പൂങ്കുയിലേ (പൊന്നും പൂവും), സ്വർണ മുകിലേ (ഇത് ഞങ്ങളുടെ കഥ), കാട്ടിലെ പാഴ്മുളം തണ്ടിൽ (വിലക്ക് വാങ്ങിയ വീണ), പത്തു വെളുപ്പിന് (വെങ്കലം), ലോകം മുഴുവൻ സുഖം പകരനായ് , നിന്റെ മിഴികൾ നീല മിഴികൾ (സ്നേഹദീപമേ മിഴി തുറക്കൂ), ഏറ്റുമാനൂരമ്പലത്തിൽ (ഓപ്പോൾ), ഇന്നെന്റെ കരളിലെ (കുട്ടിക്കുപ്പായം), കണ്മണി നീയെൻ കരം പിടിച്ചാൽ (കുപ്പിവള), ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന (ഇരുട്ടിന്റെ ആത്മാവ്), മാനത്തിന് മുറ്റത്ത് മഴവില്ലാളഴ കെട്ടും( കറുത്ത പൗർണമി), പാതിരാവില്ലയില്ല, കണ്ണീരും സ്വപ്നങ്ങളും, തെളിഞ്ഞു പ്രേമ യമുന വീണ്ടും(മനസ്വിനി), താനെ തിരിഞ്ഞു മറിഞ്ഞും (അംബാല പ്രാവ് ൦, വിജന തീരമേ കണ്ടുവോ നീ (രാത്രി വണ്ടി), മാരിവില് പന്തലിട്ട ദൂരചക്രവാളം(തീർത്ഥയാത്ര), നൂതന ഗാനത്തിൻ , പിന്നെയുമിണക്കുയിൽ (ആൽമരം ) തുടങ്ങിയ മലയാളത്തനിമയും സംസ്‌കാരവും നിറഞ്ഞു നിന്ന ആ ഗാനങ്ങള്‍ ഓരോന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി.
മലയാള കവിതയിലേയും ചലച്ചിത്ര ഗാനരചന രംഗത്തെയും സൂര്യ തേജസ്സായിരുന്ന ,നാദബ്രമ്ഹത്തിന്റെ സാഗരം നീന്തിവന്ന ഈ അനശ്വരകാലാകാരന്റെ അമൂല്യപ്രതിഭക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു..